സൗദി: വിദേശ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കും

featured GCC News

വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ഉംറ തീർത്ഥാടനം 2021 ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂലൈ 25-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയായതോടെ, 2021 ജൂലൈ 25 മുതൽ ഉംറ തീർത്ഥാടകർക്ക് മക്കയിലെ ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം നൽകിതുടങ്ങിയിരുന്നു. ഇത്തരത്തിൽ ഉംറ തീർത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 25, ഞായറാഴ്ച്ച പുലർച്ചെ ഗ്രാൻഡ് മോസ്കിലെത്തിയിരുന്നു.

നിലവിൽ സൗദിയിലുള്ള പൗരന്മാരും, പ്രവാസികളുമായ ഉംറ തീർത്ഥാടകർക്കാണ് ജൂലൈ 25 മുതൽ തീർത്ഥാടനത്തിന് അനുമതി നൽകിയിട്ടുള്ളത്. വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഓഗസ്റ്റ് 10 മുതൽ തീർത്ഥാടനത്തിന് അനുമതി നൽകുന്നതാണ്.

വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി അഞ്ഞൂറോളം ഉംറ സേവന കമ്പനികളും, ആറായിരത്തിലധികം ഉംറ ഏജന്റുമാരും ആഗോളതലത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ഇത്തരം സ്‌ഥാപനങ്ങൾ, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വിദേശ തീർത്ഥാടകർക്ക്, ഓഗസ്റ്റ് 9 മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകിത്തുടങ്ങുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം, സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ലെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്.