ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും

featured Oman

രാജ്യത്തെ ദേശീയ വാക്സിനേഷൻ പ്രചാരണ പരിപാടികളുടെ ഭാഗമായി രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 1 മുതൽ ഒമാനിൽ ആരംഭിക്കും. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 10 ആഴ്ച്ച ഇടവേള പൂർത്തിയാക്കിയവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ജൂലൈ 28-ന് അറിയിച്ചിരുന്നു.

മുൻഗണനാ പ്രകാരം രണ്ടാം ഡോസിന് അർഹതയുള്ളവർക്ക്, http://covid19.moh.gov.om എന്ന വെബ്സൈറ്റിലൂടെയും, ‘Tarassud+’ ആപ്പിലൂടെയും രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്. ഈ ബുക്കിംഗ് ജൂലൈ 29, വ്യാഴാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്.

ഈ മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവരോട് രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള ബുക്കിംഗ് നടപടികൾ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നതിന് മുൻപ് പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും, വാക്സിനേഷൻ നടപടികൾ സുഗമമാക്കുന്നതിനും ഈ മുൻ‌കൂർ ബുക്കിംഗ് സഹായകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം, COVID-19 വാക്സിൻ സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകളെ തള്ളിക്കളയാൻ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സഈദി ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം തെറ്റായ വാർത്തകൾ ശ്രദ്ധിക്കരുതെന്നും, എത്രയും വേഗം വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.