അബുദാബി: 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് DoH അറിയിപ്പ് പുറത്തിറക്കി

GCC News

എമിറേറ്റിലെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് ഇപ്പോൾ സിനോഫാം COVID-19 വാക്സിൻ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. രാജ്യത്തെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവരിൽ സിനോഫാം COVID-19 വാക്സിന്‍റെ അടിയന്തിര ഉപയോഗത്തിന് യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) അനുമതി നൽകിയ സാഹചര്യത്തിലാണ് അബുദാബി DoH ഈ അറിയിപ്പ് നൽകിയത്.

2021 ഓഗസ്റ്റ് 2-ന് രാത്രിയാണ് അബുദാബി DoH ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റിലുടനീളമുള്ള വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്നും DoH കൂട്ടിച്ചേർത്തു.

അബുദാബി നാഷണൽ എക്സിബിഷൻ സെന്റർ, അൽ മുഷ്‌രിഫ് ചിൽഡ്രൻസ് സ്പെഷ്യലിറ്റി സെന്റർ, അൽ മുഷ്‌രിഫ് മജ്ലിസ്, അൽ ബതീൻ മജ്ലിസ്, അൽ മൻഹാൽ മജ്ലിസ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. അൽ ഐൻ മേഖലയിലെ ഈ പ്രായവിഭാഗക്കാർക്ക് അൽ ഐൻ എക്സിബിഷൻ സെന്ററിലെ അൽ ഖുബൈസി ഹാളിൽ നിന്നും, അൽ തോവായ ചിൽഡ്രൻസ് സ്പെഷ്യലിറ്റി സെന്റർ, ഫലജ് ഹസാ മജ്ലിസ് എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ ലഭ്യമാണ്.

അൽ ദഫ്‌റ മേഖലയിൽ ഗയതി ഹോസ്പിറ്റൽ, ലിവ ഹോസ്പിറ്റൽ, മർഫാ ഹോസ്പിറ്റൽ, സില ഹോസ്പിറ്റൽ, ഡെൽമ ഹോസ്പിറ്റൽ, അൽ ദഫ്‌റ ഫാമിലി മെഡിസിൻ സെന്റർ, അൽ ദഫ്‌റ കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് വാക്സിൻ ലഭ്യമാണ്.

രാജ്യത്തെ 3 മുതൽ 17 വയസ് വരെ പ്രായമുള്ളവർക്ക് സിനോഫാം COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി 2021 ഓഗസ്റ്റ് 2-ന് യു എ ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.