എമിറേറ്റിലെ COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹമാക്കി നിജപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. എമിറേറ്റിലെ മുഴുവൻ ആരോഗ്യസേവന കേന്ദ്രങ്ങളോടും ഈ നിരക്ക് പ്രകാരം മാത്രം പരിശോധനകൾ നടത്താൻ DoH ആഹ്വാനം ചെയ്തിട്ടുണ്ട്.
എമിറേറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. COVID-19 PCR ടെസ്റ്റുകളുമായി ബന്ധപ്പെട്ട് ഉപഭോക്താവിൽ നിന്ന് സ്രവം സ്വീകരിക്കൽ, ടെസ്റ്റിംഗ്, റിപ്പോർട്ട് നൽകൽ തുടങ്ങിയ മുഴുവൻ സേവനങ്ങളും ഈ നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021-ലെ ഔദ്യോഗിക വിജ്ഞാപനം 108 അനുസരിച്ച് എമിറേറ്റിൽ സാധാരണ രീതിയിൽ നടത്തുന്നതും, അത്യാവശ്യ സാഹചര്യത്തിൽ നടത്തുന്നതുമായ മുഴുവൻ COVID-19 PCR ടെസ്റ്റുകളുടെയും നിരക്കുകൾ 65 ദിർഹമാക്കി നിശ്ചയിച്ചിട്ടുണ്ടെന്ന് DoH വ്യക്തമാക്കി.
ഈ തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന ആരോഗ്യസേവന കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുമെന്നും, ഇത്തരം കേന്ദ്രങ്ങളിൽ PCR പരിശോധന നടത്തുന്നതിന് നൽകിയ അനുമതി പിൻവലിക്കുമെന്നും DoH കൂട്ടിച്ചേർത്തു. രോഗലക്ഷണങ്ങളില്ലാത്തവർക്ക് നടത്തുന്ന PCR പരിശോധനകളുടെ ചെലവ് ഉപഭോക്താവ് വഹിക്കേണ്ടതാണ്. മറിച്ചുള്ള സാഹചര്യങ്ങളിൽ ഇത്തരം ചെലവുകൾ സർക്കാർ പദ്ധതികളിൽ നിന്ന് നൽകുന്നതാണ്.
PCR പരിശോധന സംബന്ധിച്ചുള്ള ഇത്തരം വീഴ്ച്ചകൾ 024193845 എന്ന നമ്പറിലൂടെയോ, healthsystemfinancing@doh.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ പൊതുജനങ്ങൾക്ക് DoH അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
WAM