അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് സൗജന്യ COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 14-ന് വൈകീട്ടാണ് അൽദാഹിറ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗവർണറേറ്റിലെ 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കാണ് ഇത്തരത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പാണ് നൽകുന്നത്.
2021 ഓഗസ്റ്റ് 15 മുതൽ ആരംഭിക്കുന്ന ഈ വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടത്തിൽ ബാർബർ, ബ്യൂട്ടി സലൂൺ ജീവനക്കാർ, കൃഷിയിടങ്ങളിലെ തൊഴിലാളികൾ, ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ പ്രവാസികൾക്കാണ് വാക്സിൻ നൽകുന്നത്. ഇവർ https://forms.gle/VLHi21HCkH9M2D129 എന്ന വിലാസത്തിൽ മുൻകൂർ ബുക്കിംഗ് ചെയ്യേണ്ടതാണ്. ഇത്തരം പ്രവാസികൾ വാക്സിനെടുക്കാൻ എത്തുന്ന അവസരത്തിൽ തങ്ങളുടെ റസിഡന്റ് കാർഡ് കൈവശം കരുതേണ്ടതാണ്.
ഈ വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ നൽകുന്നതാണ്:
- Ibri – Al Muhallalh bin Abi Sufa Hall
- Dhank – The Sports Hall
- Yanqul – Office of the Wali of Yanqul
മറ്റു വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് വാക്സിൻ നൽകുന്ന തീയതികൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഗവർണറേറ്റിലെ അൽ മുഹല്ലബ് ഇബ്ൻ അബി സഫ്രാ ഹാളിൽ നിന്ന് 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ പ്രവാസികൾക്ക് വാക്സിൻ നൽകുമെന്നുള്ള തെറ്റായ വാർത്തകൾ മന്ത്രാലയം നേരത്തെ തള്ളിക്കളഞ്ഞിരുന്നു. അൽദാഹിറ ഗവർണറേറ്റിലെ പ്രവാസികൾക്ക് വാക്സിൻ നൽകുന്ന തീയതി പിന്നീട് അറിയിക്കുമെന്നും ആ അവസരത്തിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
അതേസമയം, സൗത്ത് ശർഖിയ ഗവർണറേറ്റിലെ 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്. മസീറ സ്പോർട്സ് ക്ലബിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് സൗത്ത് ശർഖിയ ഗവർണറേറ്റിൽ പ്രവാസികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.