അബുദാബി: വിവിധ മേഖലകളുടെ പ്രവർത്തന ശേഷി ഓഗസ്റ്റ് 20 മുതൽ ഉയർത്തും; മാളുകൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം

featured GCC News

എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. 2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തോടൊപ്പമാണ് പ്രവർത്തന ശേഷിയിലെ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

ഓഗസ്റ്റ് 14-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനപ്രകാരം, എമിറേറ്റിലെ വിവിധ മേഖലകളിലെ പ്രവർത്തനശേഷിയിൽ താഴെ പറയുന്ന മാറ്റങ്ങൾ ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്:

  • ഷോപ്പിംഗ് മാളുകൾ പരമാവധി 80 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
  • സിനിമാശാലകൾ പരമാവധി 80 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്.
  • എമിറേറ്റിലെ വിനോദകേന്ദ്രങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, മ്യൂസിയം തുടങ്ങിയ ഇടങ്ങളിലും 80 ശതമാനം പ്രവർത്തന ശേഷി ഏർപ്പെടുത്തുന്നതാണ്.
  • റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകൾ പരമാവധി 80 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്. ഇത്തരം ഇടങ്ങളിൽ ഒരേ മേശയിൽ പരമാവധി പത്ത് പേർക്ക് ഇരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
  • ഹെൽത്ത് ക്ലബ്, സ്പോർട്സ് അക്കാഡമികൾ, ജിം, സ്പാ മുതലായവയുടെ പ്രവർത്തനം അമ്പത് ശതമാനത്തിൽ തുടരും.
  • എമിറേറ്റിലെ പൊതു, സ്വകാര്യ ചടങ്ങുകൾ 60 ശതമാനം ശേഷിയിൽ നടത്താവുന്നതാണ്. സാമൂഹിക, കായിക ചടങ്ങുകൾ, വാണിജ്യ പരിപാടികൾ, വിനോദപരിപാടികൾ മുതലായവയ്ക്ക് ഈ തീരുമാനം ബാധകം.
  • വിവാഹ ഹാളുകളിൽ പരമാവധി 100 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ചടങ്ങുകൾക്ക് അനുമതി.
  • പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന ശേഷി 75 ശതമാനത്തിലേക്ക് ഉയർത്തും.
  • അഞ്ച് യാത്രികർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ ഡ്രൈവറും, പരമാവധി മൂന്ന് യാത്രികരും എന്ന രീതി നടപ്പിലാക്കും. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സികളിൽ പരമാവധി നാല് യാത്രികർക്ക് സഞ്ചരിക്കാം.

പൊതുസമൂഹത്തിലെ സുരക്ഷ മുൻനിർത്തി പൊതുഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ COVID-19 നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ ഗ്രീൻ പാസ് പദ്ധതി പ്രകാരം, Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് പൊതുഇടങ്ങളിലേക്ക് പ്രവേശനം നൽകുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.