2021 സെപ്റ്റംബർ 1 മുതൽ തങ്ങളുടെ ആഭ്യന്തര വിമാനസർവീസുകളിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് മാത്രമായിരിക്കും യാത്രാ സേവനങ്ങൾ നൽകുന്നതെന്ന് സൗദി അറേബ്യയിലെ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു. ഇതോടെ രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് മാത്രമായിരിക്കും സെപ്റ്റംബർ 1 മുതൽ സൗദിയ വിമാനങ്ങളിൽ ആഭ്യന്തര വിമാനയാത്രകൾ അനുവദിക്കുന്നത്.
ഓഗസ്റ്റ് 25-ന് രാത്രിയാണ് സൗദിയ ഇക്കാര്യം അറിയിച്ചത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ സൗദി അധികൃതരിൽ നിന്ന് ഇളവ് നേടിയിട്ടുള്ള യാത്രികർ എന്നീ വിഭാഗങ്ങൾ ഒഴികെ മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് സൗദിയ വ്യക്തമാക്കിയിട്ടുണ്ട്.
2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകളിൽ, മുഴുവൻ സീറ്റുകളും ഉപയോഗപ്പെടുത്തുന്ന രീതിയിൽ യാത്രികർക്ക് സേവനം നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഓഗസ്റ്റ് 11-ന് അറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്ത യാത്രികർക്ക് മാത്രം സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നും GACA സൂചിപ്പിച്ചിരുന്നു.