ഖത്തർ: രോഗപ്രതിരോധ ശേഷി കുറവുള്ളവർക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ നൽകുന്നതിന് അനുമതി

Qatar

രാജ്യത്തെ രോഗപ്രതിരോധ ശേഷി കുറവുള്ള ഏതാനം വിഭാഗങ്ങൾക്ക് മൂന്നാമതൊരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഫൈസർ ബയോഎൻടെക്, മോഡർന എന്നീ വാക്സിനുകളുടെ അധിക ഡോസ് നൽകുന്നതിനാണ് ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഇത് സംബന്ധിച്ചുള്ള അനുമതിയുടെ പശ്ചാത്തലത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതിതീവ്രമായ രോഗപ്രതിരോധ ശേഷി സംബന്ധമായ അസുഖങ്ങളുള്ളവർ, COVID-19 രോഗബാധ മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ അധിക ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഇത്തരക്കാർക്ക് ഒരു അധിക ഡോസ് വാക്സിൻ നൽകുന്നതിലൂടെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ തീരുമാന പ്രകാരം ഖത്തറിൽ താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് ഇത്തരത്തിൽ ഒരു അധിക ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്:

  • രക്താര്‍ബ്ബുദം, ട്യൂമർ എന്നിവയ്ക്ക് കാൻസർ ചികിത്സ സ്വീകരിച്ച് കൊണ്ടിരിക്കുന്നവർ.
  • അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം രോഗ പ്രതിരോധ വ്യുഹ സംബന്ധിയായ മരുന്നുകൾ കഴിക്കുന്നവർ.
  • രണ്ട് വർഷത്തിനിടയിൽ സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് ചികിത്സകൾ നടത്തിയവർ.
  • അതിതീവ്രമായ രോഗപ്രതിരോധ ശക്തിക്ഷയം ഉള്ളവർ.
  • HIV രോഗബാധിതർ.
  • ഉയർന്ന ഡോസിലുള്ള കോർട്ടിക്കോ സ്റ്റീറോയിഡുകൾ പോലുള്ള രോഗ പ്രതിരോധ വ്യുഹത്തെ നിയന്ത്രിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ.

അധിക ഡോസ് വാക്സിൻ നൽകുന്നതിനായി ഈ വിഭാഗങ്ങളിലുള്ളവരെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (PHCC) നിന്നോ, ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്നോ നേരിട്ട് ബന്ധപ്പെടുന്നതാണ്.