സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ വ്യക്തികൾ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിൽ നൽകിവരുന്ന COVID-19 വാക്സിനുകളുടെ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം ആറ് മാസം പൂർത്തിയാക്കിയവരിൽ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിനും ഈ നടപടി നിർബന്ധമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് വ്യക്തത നൽകുന്നതിനായാണ് അബുദാബി മീഡിയ ഓഫീസ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ പങ്ക് വെച്ചിരിക്കുന്നത്:
ആരൊക്കെയാണ് COVID-19 ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്?
സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേരും ഈ ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുക്കേണ്ടതാണ്. നിലവിൽ സിനോഫാം COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് ഈ ബൂസ്റ്റർ ഡോസ് നൽകുന്നത്. മറ്റു വാക്സിനുകളുമായി ബന്ധപ്പെട്ട് ഇത്തരം തീരുമാനങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ചുള്ള അറിയിപ്പ് ആരോഗ്യ മന്ത്രാലയം നേരിട്ട് അറിയിക്കുന്നതാണ്.
ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?
സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും, Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി 2021 സെപ്റ്റംബർ 20 വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. ഇത്തരം വ്യക്തികൾക്ക് സെപ്റ്റംബർ 20-ന് ശേഷം ഇവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കുന്നതല്ല. അബുദാബിയിലെ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.
ബൂസ്റ്റർ ഡോസ് എടുത്തവരുടെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ലഭ്യമാകുന്നതാണോ?
സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതാണ്. ഓരോ 30 ദിവസം തോറും PCR ടെസ്റ്റ് നടത്തിക്കൊണ്ട് ഈ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്താവുന്നതാണ്.