അബുദാബി: സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി റഡാർ സംവിധാനം ഏർപ്പെടുത്തി

UAE

എമിറേറ്റിലെ റോഡുകളിൽ സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സൈൻ കണക്കിലെടുക്കാതെ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിനായി ഇത്തരം ബസുകളിൽ പ്രത്യേക റഡാർ സംവിധാനം ഏർപ്പെടുത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി. എമിറേറ്റ്സ് ട്രാൻസ്‌പോർട്ട് കോർപറേഷൻ, ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ എന്നിവരുമായി സംയുക്തമായാണ് അബുദാബി പോലീസ് ജനറൽ കമാൻഡ് സ്കൂൾ ബസുകളിൽ ഇത്തരം റഡാർ സംവിധാനം പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.

ഈ സ്വയമേവ പ്രവർത്തിക്കുന്ന റഡാർ സംവിധാനത്തിലൂടെ അബുദാബിയിലെ റോഡുകളിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസുകളുടെ അരികിലൂടെ ഇരുവശത്തേക്കും നിർത്താതെ പോകുന്ന മറ്റു വാഹനങ്ങളെ കണ്ടെത്തുന്നതിനും, അവർക്കെതിരെ നടപടിയെടുക്കുന്നതിനും പോലീസ് വകുപ്പിന് സാധിക്കുന്നതാണ്. സ്‌കൂൾ ബസുകളിൽ നിന്ന് ഇറങ്ങുന്നവരും, സ്‌കൂൾ ബസുകളിലേക്ക് കയറുന്നവരുമായ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി റോഡ് മുറിച്ച് കടക്കുന്നതിനായാണ് ബസുകളിൽ ഈ സ്റ്റോപ്പ് സൈൻ ഏർപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ, മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി, ബസ് ഡ്രൈവർ ഈ സ്റ്റോപ്പ് സൈൻ ഉയർത്തി വെക്കുന്നതാണ്. ഇത്തരത്തിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസുകൾക്ക് ഇരുവശത്തേക്കും അഞ്ച് മീറ്റർ പരിധിയിൽ വരുന്ന എല്ലാ വാഹനങ്ങളും പൂർണ്ണമായും നിർത്തിയിടണം എന്നാണ് നിയമം. ഇപ്പോൾ ബസുകളിൽ ഈ റഡാർ സംവിധാനം ഏർപ്പെടുത്തുന്നതോടെ ഈ നിയമം ലംഘിക്കുന്ന വാഹനങ്ങളെ പൊലീസിന് എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്.

ഈ നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും, 10 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ സ്റ്റോപ്പ് സൈൻ ഉയർത്തിയിട്ടുള്ള സ്‌കൂൾ ബസ് കാണുന്ന അവസരത്തിൽ അഞ്ച് മീറ്റർ പരിധിയിലുള്ള എല്ലാ വാഹനങ്ങളും (ഇരുവശത്തേക്കും ബാധകം) പൂർണ്ണമായും നിർത്തിയിടേണ്ടതാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി. സ്‌കൂൾ ബസുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്വയം പ്രവർത്തിക്കുന്ന റഡാർ സംവിധാനം ഈ നിയമം ലംഘിക്കുന്ന വാഹനങ്ങളെ കണ്ടെത്തുമെന്ന് പോലീസ് വ്യക്തമാക്കി.

വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്‌കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ ഈ സ്റ്റോപ്പ് സൈൻ ഉയർത്തി വെക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും, 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.