സൗദി: വിസിറ്റ് വിസകളുടെയും, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി നൽകി

GCC News

2021 മാർച്ച് 24-ന് മുൻപ് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളുടെയും, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി നൽകിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം വിസകളുടെ കാലാവധി നീട്ടി നൽകുന്നതിനുള്ള നടപടികൾ മന്ത്രാലയം സ്വയമേവ കൈക്കൊണ്ടതായും, ഇത്തരം വിസകൾ അനുവദിക്കപ്പെട്ടിട്ടുള്ളവരെ മന്ത്രാലയത്തിൽ നിന്ന് ഈമെയിലിലൂടെ ബന്ധപ്പെട്ടതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ പൊതുസമൂഹത്തിൽ അനുഭവപ്പെട്ടിട്ടുള്ള ബുദ്ധിമുട്ടുകൾ നികത്തുന്നതിനായുള്ള നടപടികളുടെ ഭാഗമാണ് ഈ തീരുമാനം.

സൗദി ടൂറിസം മന്ത്രാലയം, നാഷണൽ ഇൻഫർമേഷൻ സെന്റർ എന്നിവരുമായി സംയുക്തമായാണ് വിദേശകാര്യ മന്ത്രാലയം ഈ നടപടികൾ നടപ്പിലാക്കിയത്. സൗദിയിലേക്കുള്ള വിമാനസർവീസുകൾക്ക് തടസം നേരിട്ടിരുന്ന രാജ്യങ്ങളിലുള്ളവർക്ക് മാർച്ച് 24-ന് മുൻപ് അനുവദിച്ചിട്ടുള്ള വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെ കാലാവധി ഇത്തരത്തിൽ പുതുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

2021 ഓഗസ്റ്റ് 1 മുതൽ ടൂറിസ്റ്റ് വിസകളിലുള്ളവർക്ക് സൗദി പ്രവേശനം നൽകിത്തുടങ്ങിയിരുന്നു. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ നിബന്ധനകളില്ലാതെ ടൂറിസ്റ്റ് വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി ഇവർക്ക് തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, യാത്രയ്ക്ക് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് റിസൾട്ട് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇത്തരം യാത്രികർ തങ്ങളുടെ വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ https://muqeem.sa/#/vaccine-registration/home എന്ന സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.