ബഹ്‌റൈൻ: പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള കൂടുതൽ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം

featured GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആസ്ട്രസെനെക (കോവിഷീൽഡ്), ഫൈസർ ബയോഎൻടെക്, സ്പുട്നിക് V എന്നീ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വാക്സിനുകളുടെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

ഈ വാക്സിനുകളെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക്, അല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ സ്വീകരിച്ച വാക്സിൻ എന്നിവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. സെപ്റ്റംബർ 23-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതിന് പുറമെ, രണ്ടാം ഡോസ് സിനോഫാം വാക്സിനെടുത്ത് മൂന്ന് മാസം പൂർത്തിയാക്കിയ രാജ്യത്തെ 18 മുതൽ 39 വയസ് വരെ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം ഡോസെടുത്ത് ആറ് മാസത്തിന് ശേഷമാണ് ഈ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് അറിയിച്ചിരുന്നത്.

ഒരു ഡോസ് ഫൈസർ വാക്സിനെടുത്തവരും, COVID-19 രോഗമുക്തരായവരുമായവർക്ക് ഫൈസർ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് രോഗബാധിതരായ തീയതി മുതൽ മൂന്ന് മാസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാവുന്നതാണ്. ഇവർക്ക് രോഗബാധിതരായ തീയതി മുതൽ 12 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് BeAware ആപ്പിലൂടെയോ, https://healthalert.gov.bh/en/ എന്ന വെബ്സൈറ്റിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.