എമിറേറ്റിലെ പൊതുഗതാഗത ബസുകളുടെ വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ തത്സമയം അറിയുന്നതിനുള്ള സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു. ITC-യും ഗൂഗിളും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതോടെ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് ബസ് സർവീസുകളുടെ തത്സമയവിവരങ്ങൾ ഗൂഗിൾ മാപ്പ് സംവിധാനത്തിലും, ഗൂഗിൾ മാപ്പ് ആപ്പിലൂടെയും ലഭിക്കുന്നതാണ്. പൊതുഗതാഗത ബസ് സർവീസുകളുടെ സമയക്രമം, അവയുടെ തത്സമയ വിവരങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്ക് ഗൂഗിൾ മാപ്പിൽ നിന്ന് കാണാവുന്ന വിധത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഈ സംവിധാനം ഉപയോഗിച്ച് കൊണ്ട് അബുദാബിയിലെ ബസുകളുടെ സമയക്രമത്തിൽ വരുന്ന മാറ്റങ്ങൾ, അവിചാരിത കാരണങ്ങളാൽ ബസ് സർവീസിൽ വരുന്ന തടസങ്ങൾ തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭിക്കുന്നതാണ്.
2020 ഫെബ്രുവരിയിൽ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ആദ്യമായി ദുബായിൽ നടപ്പിലാക്കിയിരുന്നു.