രാജ്യത്ത് രണ്ട് COVID-19 വാക്സിനുകൾക്ക് കൂടി നിബന്ധനകളോടെ ഔദ്യോഗിക അംഗീകാരം നൽകിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 6 മുതൽ ഏർപ്പെടുത്തുന്ന പുതുക്കിയ യാത്രാ നിബന്ധനകളുടെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഈ പുതുക്കിയ യാത്രാ നിബന്ധനകൾ ലഭ്യമാണ്. ഈ അറിയിപ്പ് പ്രകാരം, സിനോവാക്, സ്പുട്നിക് V എന്നീ COVID-19 വാക്സിനുകൾക്ക് പ്രത്യേക നിബന്ധനകളോടെ ഖത്തർ അംഗീകാരം നൽകിയിട്ടുണ്ട്.
ഖത്തർ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ:
- ഫൈസർ ബയോഎൻടെക് – 2 ഡോസ് നിർബന്ധം.
- മോഡർന – 2 ഡോസ് നിർബന്ധം.
- ഓക്സ്ഫോർഡ് ആസ്ട്രസെനേക (കോവിഷീൽഡ്) – 2 ഡോസ് നിർബന്ധം.
- ജെൻസൺ (ജോൺസൺ ആൻഡ് ജോൺസൻ) – ഒരു ഡോസ്.
ഖത്തർ നിബന്ധനകളോടെ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ:
- സിനോഫാം – 2 ഡോസ് നിർബന്ധം.
- സിനോവാക് – 2 ഡോസ് നിർബന്ധം.
- സ്പുട്നിക് V – 2 ഡോസ് നിർബന്ധം.
പ്രത്യേക നിബന്ധനകളോടെ അംഗീകാരം നൽകിയിട്ടുള്ള വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവർ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ യാത്രയ്ക്ക് മുൻപായി ഒരു ആന്റിബോഡി ടെസ്റ്റ് നടത്തേണ്ടതാണ്. ഇത്തരം വാക്സിനുകളുടെ 2 ഡോസ് സ്വീകരിച്ച ശേഷം ഒരു ഡോസ് ഫൈസർ അല്ലെങ്കിൽ മോഡർന വാക്സിനെടുത്തവരെ (വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയ ശേഷം) പൂർണ്ണമായി രോഗപ്രതിരോധശേഷി നേടിയവരായി കണക്കാക്കുന്നതാണ്.