യു എ ഇ: വ്യാജ ഇ-ഡോക്യുമെന്‍റുകൾ സൃഷ്ടിക്കുന്നതിനുള്ള ശിക്ഷകളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

featured UAE

രാജ്യത്ത് ഇ-ഡോക്യുമെന്റുകൾ വ്യാജമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 4-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

ഐടി കുറ്റകൃത്യങ്ങൾക്കെതിരെ യു എ ഇ ഏർപ്പെടുത്തിയിട്ടുള്ള 2012-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ (5) ലെ ആർട്ടിക്കിൾ (6) അനുസരിച്ച്, ഫെഡറൽ അല്ലെങ്കിൽ ലോക്കൽ ഗവൺമെന്റുമായി ബന്ധപ്പെട്ടതോ, ഫെഡറൽ അല്ലെങ്കിൽ പ്രാദേശിക പൊതു സംഘടനകളുമായി ബന്ധപ്പെട്ടതോ ആയ ഒരു ഇ-ഡോക്യുമെന്റ് വ്യാജമായി നിർമ്മിക്കുന്ന വ്യക്തികൾക്ക് തടവും, 150,000 ദിർഹത്തിൽ കുറയാത്തതും 750,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ആർട്ടിക്കിൾ (6)-ന്‍റെ ഖണ്ഡിക (1)-ൽ പറഞ്ഞിരിക്കുന്നവയല്ലാതെ മറ്റേതെങ്കിലും സ്ഥാപനം നൽകിയ രേഖയിൽ കൃത്രിമം നടത്തിയിട്ടുണ്ടെങ്കിൽ, അത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ 100,000 ദിർഹത്തിൽ കുറയാത്തതും 300,000 ദിർഹത്തിൽ കൂടാത്തതുമായ പിഴ ആയിരിക്കും എന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. നിയമപരമായ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു അവബോധം വളർത്തുന്നതിനുമുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്.

WAM