ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നത് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഉംറ പെർമിറ്റുകൾ സംബന്ധിച്ച ഈ തീരുമാനം.
രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്ന് ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ Tawakkalna ആപ്പിൽ വരുത്തിയതായും ഒക്ടോബർ 3-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതോടെ ഒക്ടോബർ 10 മുതൽ ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്സിനുകളുടെ 2 ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ പുറത്തിറക്കിയിട്ടുള്ള വാക്സിന്റെ ഒരു ഡോസ് എന്നിവ പൂർത്തിയാക്കിയവർക്ക് മാത്രമാണ് Tawakkalna ആപ്പിൽ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് ലഭിക്കുക.
നിലവിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, ആദ്യ ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്ക് Tawakkalna ആപ്പിലെ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് പ്രകാരം ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ഹജ്ജ് ഉംറ മന്ത്രാലയം നൽകി വരുന്നുണ്ട്. എന്നാൽ ഒക്ടോബർ 10 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതെന്നാണ് മന്ത്രാലയത്തിലെ സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്.