സൗദി: ഒക്ടോബർ 10 മുതൽ രോഗപ്രതിരോധശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രം

featured GCC News

രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ Tawakkalna ആപ്പിൽ ഉൾപ്പെടുത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒക്ടോബർ 3-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്നാണ് Tawakkalna ആപ്പിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവരെ മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ് അനുസരിച്ച് നിയന്ത്രിക്കുന്നതിനായി സൗദിയിൽ Tawakkalna ആപ്പാണ് ഉപയോഗിക്കുന്നത്.

“സമൂഹത്തിന്റെ സുരക്ഷയ്ക്കായി വ്യക്തികൾ COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണമെന്നത് വളരെ പ്രധാനമാണ്. വൈറസിന്റെ വിവിധ വകഭേദങ്ങളിൽ നിന്ന് സുരക്ഷ ലഭിക്കുന്നതിനായി COVID-19 രോഗമുക്തി നേടുന്നവർ പോലും രണ്ട് ഡോസ് സ്വീകരിക്കേണ്ടതാണ്.”, സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി ചൂണ്ടിക്കാട്ടി.

ഈ തീരുമാന പ്രകാരം 2021 ഒക്ടോബർ 10-ന് രാവിലെ 6 മണി മുതൽ സൗദിയിലെ വാണിജ്യ, വ്യാവസായിക, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം മേഖലകളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിലും, ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണമെന്ന നിബന്ധന ബാധകമാണ്.