ഗ്ലോബൽ വില്ലേജ്: മൊബൈൽ ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഇളവ്

featured UAE

2021 ഒക്ടോബർ 26 മുതൽ ആരംഭിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലാണ് 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുന്നത്.

ഗ്ലോബൽ വില്ലേജ് വേദിയിലെ ഗേറ്റിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് 20 ദിർഹം ഈടാക്കുന്നതാണ്. സന്ദർശകരിൽ ഓൺലൈൻ ടിക്കറ്റിന് കൂടുതൽ പ്രചാരം നൽകുന്നതിനായാണ് ഈ തീരുമാനം.

ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകൾ വാങ്ങുന്നതിന് പുറമെ, ഗ്ലോബൽ വില്ലേജിലെ വിവിധ സേവനങ്ങൾ നേടുന്നതിനും, ഗ്ലോബൽ വില്ലേജ് വേദിയിലെ വിവിധ ആകർഷണങ്ങളിലേക്കെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും ഈ മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26-ന് വൈകീട്ട് 4 മണി മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതാണ്.

മേഖലയിലെ ഏറ്റവും വലിയ സാംസ്‌കാരിക, വാണിജ്യ, വിനോദ പ്രദർശനവും, സാംസ്കാരികവൈവിധ്യം കൊണ്ട് കുടുംബങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനവുമായ ഗ്ലോബൽ വില്ലേജിനെ ‘2021-ൽ മിഡിൽ ഈസ്റ്റിലെ മികച്ച കുടുംബ ആകർഷണമായി’ ഇന്റർനാഷണൽ ട്രാവൽ അവാർഡ് 2021 അടുത്തിടെ തിരഞ്ഞെടുത്തിരുന്നു.