സൗദി: ഒക്ടോബർ 10 മുതൽ ഉംറ പെർമിറ്റുകൾ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രം

featured Saudi Arabia

2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ ഉംറ തീർത്ഥാടനം, ഗ്രാൻഡ് മോസ്‌കിലെ പ്രാർത്ഥന എന്നിവയ്ക്കുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അനുമതി COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഒക്ടോബർ 9-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.

മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നതിനുള്ള പെർമിറ്റുകൾക്കും ഈ നിബന്ധന ബാധകമാണ്. Tawakkalna ആപ്പിലെ സ്റ്റാറ്റസ് പ്രകാരം, COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവരെ മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ഒക്ടോബർ 10 മുതൽ ഫൈസർ, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡർന എന്നീ വാക്സിനുകളുടെ 2 ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ പുറത്തിറക്കിയിട്ടുള്ള വാക്സിന്റെ ഒരു ഡോസ് എന്നിവ പൂർത്തിയാക്കിയവർക്ക് മാത്രമാണ് Tawakkalna ആപ്പിൽ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് ലഭിക്കുക. ഇതോടെ, ആദ്യ ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങൾക്ക് Tawakkalna ആപ്പിലെ രോഗപ്രതിരോധ ശേഷിയാർജ്ജിച്ചതായുള്ള സ്റ്റാറ്റസ് പ്രകാരം ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് തുടങ്ങിയവ ഹജ്ജ് ഉംറ മന്ത്രാലയം നൽകി വന്നിരുന്നത് നിർത്തലാകുന്നതാണ്.

നിലവിൽ ഉംറ പെർമിറ്റുകൾ ഉൾപ്പടെയുള്ള ഇത്തരം പെർമിറ്റുകൾ ലഭിച്ചിട്ടുള്ളവർ, തീർത്ഥാടനത്തിന് അനുവദിച്ച് കൊണ്ട് പെർമിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള തീയതിക്ക് 48 മണിക്കൂർ മുൻപ് COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഇത്തരം പെർമിറ്റുകൾ റദ്ദാകുന്നതാണ്. ഇത്തരം വ്യക്തികൾക്ക് രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാവുന്നതാണ്.

രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഉംറ പെർമിറ്റുകൾ സംബന്ധിച്ച ഈ തീരുമാനം.

ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നത് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകൾ നേരത്തെ സൂചിപ്പിച്ചിരുന്നു.

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ഇന്ന് (2021 ഒക്ടോബർ 10, ഞായറാഴ്ച്ച) രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.