ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ എത്രയും വേഗം വാക്സിനെടുക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം

Qatar

രാജ്യത്ത് COVID-19 ബൂസ്റ്റർ വാക്സിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനെടുത്തവരിൽ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് ബൂസ്റ്റർ ഡോസ് പ്രധാനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഫൈസർ, മോഡർന വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവരിൽ രോഗബാധയേൽക്കാൻ ഉയർന്ന സാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ ഖത്തറിൽ സെപ്റ്റംബർ പകുതി മുതൽ ആരംഭിച്ചിരുന്നു. രണ്ടാം ഡോസ് എടുത്ത് 8 മാസത്തിലധികം പൂർത്തിയാക്കിയ ഈ വിഭാഗത്തിലുള്ളവർക്കാണ് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ നേതൃത്വത്തിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്.

അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവർക്കാണ് ഇത്തരത്തിൽ ബൂസ്റ്റർ വാക്സിൻ നൽകുന്നത്. നിലവിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരിൽ COVID-19 രോഗബാധയേൽക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇത്തരക്കാർ എത്രയും വേഗം ബൂസ്റ്റർ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗത്തെ നയിക്കുന്ന ഡോ. സോഹ അൽ ബയത് വ്യക്തമാക്കി.