യു എ ഇ: വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകളിൽ കൂടുതൽ പേർക്ക് പങ്കെടുക്കാമെന്ന് NCEMA

featured GCC News

വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ, സാമൂഹിക ഒത്ത്ചേരലുകൾ, വിവാഹം, ശവസംസ്കാര ചടങ്ങുകൾ മുതലായവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് (NCEMA) വ്യക്തമാക്കി. ഒക്ടോബർ 19-ന് നടന്ന പത്രസമ്മേളനത്തിൽ NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമീരിയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി താഴെ പറയുന്ന നിർദ്ദേശങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:

  • വീടുകളിൽ നടത്തുന്ന ഇത്തരം ചടങ്ങുകൾ പരമാവധി 80 ശതമാനം വ്യക്തികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
  • ഇത്തരത്തിൽ പരമാവധി 60 പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്.
  • ഇതിന് പുറമെ, 10 പേരെ വിവിധ സേവനങ്ങൾ നൽകുന്നതിനുള്ള ജീവനക്കാരായി ഉപയോഗിക്കുന്നതിനും NCEMA അനുമതി നൽകിയിട്ടുണ്ട്.
  • ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് Al Hosn ആപ്പിലെ സ്റ്റാറ്റസ് പ്രകാരം ഗ്രീൻ പാസ് നിർബന്ധമാണ്.
  • ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
  • സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
  • മാസ്കുകളുടെ ഉപയോഗം,അണുനശീകരണം മുതലായ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
  • തിരക്കൊഴിവാക്കുന്നതിനുള്ള നടപടികൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • സന്ദർശകർ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതും, ഹസ്തദാനം പോലുള്ള ഉപചാര രീതികൾ ഒഴിവാക്കേണ്ടതുമാണ്.
  • ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവർ മുതലായവർ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കരുത്.