ദുബായിൽ നടക്കുന്ന ലോക എക്സ്പോ പ്രദർശനമായ ‘എക്സ്പോ 2020 ദുബായ്’ ആദ്യ മാസത്തിൽ സന്ദർശകർക്കിടയിൽ വലിയ വിജയം നേടിയതായി സംഘാടകർ പ്രഖ്യാപിച്ചു. എക്സ്പോ ആരംഭിച്ച ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെ നീണ്ട് നിന്ന് ആദ്യ 30 ദിനങ്ങളിൽ ഏതാണ്ട് 2350868 സന്ദർശനങ്ങളാണ് ‘എക്സ്പോ 2020 ദുബായ്’ വേദി രേഖപ്പെടുത്തിയത്.
അവിസ്മരണീയമായ നിരവധി പരിപാടികൾ, വിനോദങ്ങൾ, സെമിനാറുകൾ മുതലായവ ലോകമെമ്പാടുമുള്ള ആളുകളെ എക്സ്പോ വേദിയിലേക്ക് ആകർഷിക്കുന്നു. ഇതുവരെ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരിൽ 28 ശതമാനം പേരും 18 വയസ്സിന് താഴെയുള്ളവരാണ്. ശൈത്യ കാലം ആരംഭിക്കുന്ന വരും മാസങ്ങളിൽ ഈ കണക്ക് വർദ്ധിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
എക്സ്പോ വേദി സന്ദർശിച്ചവരിൽ 17 ശതമാനവും വിദേശത്ത് നിന്നെത്തിയവരാണ്. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും യാത്രാ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ നേട്ടം ശ്രദ്ധേയമാണ്. ഇതുവരെ 185 രാജ്യങ്ങളിൽ നിന്നുള്ളവർ എക്സ്പോ വേദിയിലെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇതുവരെ എക്സ്പോ വേദി സന്ദർശിച്ചവരിൽ ഭൂരിഭാഗം സന്ദർശകരും ഒന്നിലധികം തവണ ഈ പ്രദർശനം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. പകുതിയിലധികം (53 ശതമാനം) സന്ദർശകരും സീസൺ പാസ് ഉപയോഗിച്ചാണ് സന്ദർശനം നടത്തിയിരിക്കുന്നത്. നാലിലൊന്നിൽ കൂടുതൽ (27 ശതമാനം) സന്ദർശകർ മൾട്ടി-ഡേ പാസ് ഉപയോഗിച്ചും, 20 ശതമാനം പേർ ഒരു ദിവസത്തെ ടിക്കറ്റ് ഉപയോഗിച്ചുമാണ് ലോക എക്സ്പോ വേദിയിൽ പ്രവേശിച്ചിരിക്കുന്നത്.
എക്സ്പോ 2020 മുന്നോട്ട് വെക്കുന്ന സുസ്ഥിര ലക്ഷ്യങ്ങൾക്ക് അനുസൃതമായി, RTA പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് നിരവധി പേരാണ് എക്സ്പോ വേദി സന്ദർശിച്ചിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് സന്ദർശകർ എക്സ്പോ വേദിയിലേക്ക് നടത്തിയിട്ടുള്ള ഏതാണ്ട് 3.6 ദശലക്ഷം യാത്രകളിൽ 1.1 ദശലക്ഷത്തിലധികം യാത്രകൾ ദുബായ് മെട്രോ ഉപയോഗിച്ച് കൊണ്ടുള്ളവയാണ്.
എക്സ്പോ 2020 ദുബായ് ആരംഭിച്ച ശേഷമുള്ള ആദ്യ 31 ദിനങ്ങളിൽ പ്രത്യേക പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള രണ്ട് തീമാറ്റിക് വീക്ക് ആഘോഷങ്ങൾക്കും എക്സ്പോ വേദി സാക്ഷിയായി. ലോകത്തിലെ ഏറ്റവും നിർണായകമായ വെല്ലുവിളികളെയും അവസരങ്ങളെയും അഭിമുഖീകരിക്കുന്നതിന് കൂട്ടായതും അർത്ഥവത്തായതുമായ പ്രവർത്തനത്തിന് പ്രചോദനം നൽകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ‘പീപ്പിൾ ആൻഡ് പ്ലാനറ്റ്’ പ്രോഗ്രാമിന്റെ ഭാഗമായി COP26 ആഗോള പരിസ്ഥിതി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന കാലാവസ്ഥയും ജൈവവൈവിധ്യ വാരവും, ഭൂമിയിലെ ജീവിതത്തെ അന്തിമ അതിർത്തി എങ്ങനെ സഹായിക്കുമെന്ന് പര്യവേക്ഷണം ചെയ്യുന്നതിനായി നടത്തിയ ബഹിരാകാശ വാരവും ഏറെ ശ്രദ്ധേയമായി. ലോക എക്സ്പോ സംഘടിപ്പിക്കപ്പെടുന്ന മാർച്ച് അവസാനം വരെയുള്ള കാലയളവിൽ എട്ട് തീമാറ്റിക് ആഴ്ചകൾക്ക് കൂടി എക്സ്പോ വേദി സാക്ഷിയാകുന്നതാണ്. നിലവിൽ നവംബർ 6 വരെ നഗര, ഗ്രാമ വികസന വാരം നടന്നു കൊണ്ടിരിക്കുന്നു.
എക്സ്പോ 2020 വേദിയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായ സൗദി അറേബ്യയുടെ പവലിയൻ ഇതിനകം അര ദശലക്ഷം സന്ദർശകരെ ആകർഷിച്ചു.
എക്സ്പോ 2020-യുടെ ആദ്യ മാസത്തിൽ നിരവധി രാജ്യങ്ങൾ തങ്ങളുടെ ദേശീയ ദിനങ്ങൾ എക്സ്പോ വേദിയിൽ ആചരിച്ചു. ഒരു മാസത്തിനിടയിൽ ഏതാണ്ട് 695437 എക്സ്പോ പാസ്സ്പോർട്ടുകളാണ് സന്ദർശകർ സ്വന്തമാക്കിയത്.
WAM (Cover Image: Dubai Media Office. )