സംരംഭകത്വത്തിലൂടെ കാർഷിക ഉന്നമനം ലക്ഷ്യമിട്ട് അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ

Business

വളരെ വ്യത്യസ്തവും, രുചിയേറിയതും ഏറെ കാലം കേടു കൂടാതെയിരിക്കുന്നതുമായ റെഡി ടു കുക്ക് ഇടിച്ചക്ക, റെഡി ടു കുക്ക് ക്യാൻഡ് ഇടിച്ചക്ക, ഗാബ അവൽ, സ്റ്റീമ്ഡ് പുട്ടുപൊടി എന്നിവയുമായി കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ. റിട്ടോർട്ട് പൗച്ച് പാക്കേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇടിച്ചക്ക സംസ്‌കരിച്ച് കൂടുതൽ കാലം കേടു കൂടാതെ സൂക്ഷിക്കുന്ന റെഡി റ്റു കുക്ക് ഉൽപ്പന്നങ്ങളാണ് വികസിപ്പിച്ചിരിക്കുന്നത്.

കാനിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംസ്‌ക്കരിച്ച ഇടിച്ചക്ക കൂടുതൽ കാലം സൂക്ഷിക്കുന്നത്. അരിയുടെ പോഷക ഗുണവും, മൃദുത്വവും വർധിപ്പിക്കുന്നതിന് വേണ്ടി മുളപ്പിച്ചെടുത്ത അരിയാണ് ഗാബ. ഗാമ ബ്യു ടൈറിക് ആസിഡാൽ സമൃദ്ധമായ ഇത്തരം ഗാബ അരിയിൽ നിന്നും ആരോഗ്യപ്രദമായ അവൽ ഉണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യയും, സ്വാദിഷ്ടവും, മൃദുവുമായ പുട്ട് ഉണ്ടാക്കുന്നതിനുള്ള സ്റ്റീമ്ഡ് പുട്ട് പൊടിയുടെ സാങ്കേതിക വിദ്യയും അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിലൂടെ വികസിപ്പിച്ചിട്ടുണ്ട്.

കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ കാർഷിക മേഖലയിലെ സാരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നവ സംരംഭകരെ മേഖലയിലേക്ക് ആകർഷിക്കുന്നതിലും നൂതന ആശയങ്ങളെ പരിപോഷിപ്പിച്ച് വളർത്തുന്നതിലും ഏറെ മുന്നേറിയതിന്റെ ഉദാഹരണമാണിത്. സംരംഭകത്വത്തിലൂടെ കാർഷിക ഉന്നമനം എന്നതാണ് ഇതിന്റെ ലക്ഷ്യം. സാങ്കേതിക വിദ്യാ വികസനം, പരിശീലനം, വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കൈമാറ്റം, വ്യവസായവൽക്കരണം, സംരംഭകത്വ വികസനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാർഷിക സംരംഭകത്വ മേഖലയിലെ സ്ത്രീ മുന്നേറ്റം മുൻ നിർത്തി സ്ത്രീ സൗഹൃദ യന്ത്രങ്ങളുടെ വികസനം, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവയും ലക്ഷ്യമിടുന്നു. 14 സാങ്കേതിക വിദ്യകളും, ഗവേഷണ നേട്ടങ്ങളുമായാണ് ഈ ഗവേഷണ മേഖല കുതിക്കുന്നത്.

ഇതിനു പുറമെ ആകർഷകവും സ്വാദിഷ്ഠവുമായ ചിപ്സ് ഉണ്ടാക്കുന്നതിനുള്ള വാക്വം ഫ്രൈയിങ് മെഷീൻ, രുചിയിലും, നിറത്തിലും, മേന്മ പുലർത്തുന്ന ഉണക്കിയ പഴങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കാൻ വാക്വം ഇമ്പ്രിഗ്നേഷൻ സാങ്കേതികവിദ്യ, പഴങ്ങൾ ഉണക്കാൻ ഓസ്‌മോ ഡീഹൈഡ്രേഷൻ, റാഗി, ചോളം, അരി, ചേന, കാവിത്തു, മുരിങ്ങയില, ചെറുധാന്യങ്ങൾ, എന്നിവ ബ്ലാഞ്ച് ചെയ്തു ഉണക്കി പൊടിച്ചു റെഡി ടു ഈറ്റ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ എക്സ്ട്രൂഡർ യന്ത്രം, വാഴപ്പിണ്ടി, കൊക്കം ജ്യൂസ് പൗഡറുകൾ ഉണ്ടാക്കാനുള്ള സ്പ്രേ ഡ്രയിങ്, രാമശ്ശേരി ഇഡലി ദീർഘകാലം സംഭരിച്ച വെക്കാൻ റിട്ടോർട്ട് പൗച് സാങ്കേതിക വിദ്യ എന്നവയും ഈ മേഖലയുടെ വിലപ്പെട്ട സംഭാവനയാണ്.

പഴങ്ങളുടെ സംഭരണ കാലാവധി വർധിപ്പിക്കാൻ മെഴുക് ആവരണ യന്ത്രം, ഭക്ഷ്യ യോഗ്യമായ തേനീച്ച മെഴുകും തവിടെണ്ണയും ചേർന്ന മെഴുക്, കായ, ചക്ക ചുളകൾ അനായാസേന അരിയാൻ ചക്ക, നേന്ത്ര കായ അരിയൽ യന്ത്രം, പുഴുങ്ങാനും ഉണക്കാനും ബ്ലാഞ്ചർ കം ഡ്രൈയർ, ചക്ക റെഡി ടു ഈറ്റ് പാക്ക് ചെയ്യാൻ മിനിമൽ പ്രോസസിങ്, ഞവര, രക്ത ശാലി എന്നീ ഔഷധ ഗുണമേറിയ അരികളിൽ നിന്നും പാസ്ത, ആരോഗ്യക്കൂട്ട്, ആരോഗ്യ അവൽ എന്നിവയും വികസിപ്പിച്ചെടുക്കാൻ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററിന് കഴിഞ്ഞു.

എല്ലാ മാസവും ഇതിനു വേണ്ട പരിശീലനം സൗജന്യമായി ഇൻക്യൂബേറ്ററിന്റെ കീഴിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 8075304392 എന്ന നമ്പറിൽ ബന്ധപ്പെടാം.