ഖത്തർ: കാലതാമസം കൂടാതെ COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു

Qatar

രാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമായിട്ടുണ്ട്.

ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വാക്സിനേഷൻ വകുപ്പ് തലവൻ ഡോ. സോഹ അൽ ബയാതാണ് ഒരു വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. COVID-19-നെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും, ഈ പോരാട്ടത്തിൽ ബൂസ്റ്റർ ഡോസ് വളരെ പ്രധാനമാണെന്നും അവർ വ്യക്തമാക്കി.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുന്നതോടെ രോഗപ്രതിരോധ ശേഷി കുറയുന്നതായി പഠനങ്ങൾ ചൂണ്ടികാട്ടുന്നതായി അവർ അറിയിച്ചു. ഇതിനാലാണ് ഏതാനം ദിവസങ്ങൾക്ക് മുൻപ് ഖത്തർ ആരോഗ്യ മന്ത്രാലയം ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ കാലാവധി എട്ട് മാസത്തിൽ നിന്ന് ആറ് മാസമാക്കി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഖത്തറിൽ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള ഹെൽത്ത് സെന്ററുകളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണ്. ബൂസ്റ്റർ വാക്സിന് അർഹതയുള്ളവരെ PHCC-യിൽ നിന്ന് ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ PHCC-യിൽ നിന്ന് ബന്ധപ്പെടാത്തവർക്ക് 40277077 എന്ന ഹോട്ട് ലൈൻ നമ്പർ ഉപയോഗിച്ച് കൊണ്ട് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.