ദുബായിലെ ബസ് സർവീസുകളുടെ തത്സമയവിവരങ്ങൾ ഇനി മുതൽ ഗൂഗിൾ മാപ്പിൽ നിന്ന് ലഭ്യമാകും. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും (RTA) ഗൂഗിളും ചേർന്ന് ഇനി മുതൽ പൊതുഗതാഗത ബസ് സർവീസുകളുടെ സമയക്രമം, അവയുടെ തത്സമയ വിവരങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്ക് ഗൂഗിൾ മാപ്പിൽ നിന്ന് കാണാവുന്ന വിധത്തിലുള്ള നൂതന സംവിധാനം ആരംഭിച്ചു. ഇതോടെ ദുബായ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ആദ്യമായി ലഭ്യമാക്കുന്ന നഗരമായി മാറി.
ഇതുവരെ യാത്രികർക്കായി ഗൂഗിൾ മാപ്പിൽ RTA ബസുകളുടെ സമയവിവരങ്ങൾ മാത്രമാണ് ലഭ്യമായിരുന്നത്. സമയക്രമത്തിൽ വരുന്ന തത്സമയ മാറ്റങ്ങളോ, സർവീസിലുള്ള തടസങ്ങളോ ഉടൻതന്നെയറിയാൻ ഇതിൽ നിന്ന് യാത്രികർക്ക് കഴിഞ്ഞിരുന്നില്ല. ഗൂഗിളുമായി ചേർന്ന് ബസുകളുടെ തത്സമയമുള്ള വിവരങ്ങൾ ഓൺലൈൻ മാപ്പിൽ ലഭ്യമാകുന്നതിലൂടെ പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് സമയക്രമത്തിലുള്ള മാറ്റങ്ങളും, അവിചാരിത കാരണങ്ങളാൽ സർവീസുകൾ വൈകിയോടുന്നതും, നേരത്തെ ഒരു സ്റ്റേഷനിൽ നിന്ന് യാത്രയാകുന്നതും എല്ലാം മുൻകൂട്ടി അറിയാനും, യാത്രകൾ ഈ വിവരങ്ങൾക്കനുസരിച്ച് ക്രമീകരിക്കാനും കഴിയും.
ഇത്തരം സമയക്രമത്തിലെ മാറ്റങ്ങളെ തുടർന്നുണ്ടാകുന്ന പരാതികൾ ഇല്ലാതാക്കുവാനും ഈ സംവിധാനത്തിലൂടെ കഴിയുമെന്ന് RTA-യുടെ പൊതു ഗതാഗത വിഭാഗത്തിലെ ഡയറക്ടർ ഓഫ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ്, ഖാലിദ് അൽ അവാദി അറിയിച്ചു.