രാജ്യത്തെ പ്രവാസികൾക്ക് അഞ്ച് മുതൽ പതിനഞ്ച് വർഷം വരെ സാധുതയുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ കുവൈറ്റ് സർക്കാർ പരിശോധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
വിദേശ നിക്ഷേപകർ, കുവൈറ്റിൽ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുള്ളവർ, കുവൈറ്റിലെ വാണിജ്യ പദ്ധതികളിൽ നിക്ഷേപങ്ങളുള്ള വിദേശികൾ, ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ സി ഇ ഓ പദവികളിൽ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ പ്രവാസികൾക്കാണ് ഇത്തരം ദീർഘകാലാടിസ്ഥാനത്തിലുള്ള വിസകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. യു എ ഇ ഉൾപ്പടെയുള്ള ജി സി സി രാജ്യങ്ങൾ നിലവിൽ ഇത്തരം നടപടികൾ കൈക്കൊള്ളുന്ന സാഹചര്യത്തിലാണ് കുവൈറ്റ് ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്തെ റെസിഡൻസി, വർക്ക് പെർമിറ്റ് സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും, സ്പോൺസർഷിപ്പ് ആവശ്യമില്ലാത്ത രീതിയിലുള്ള വിസകൾ അനുവദിക്കുന്നതിനും കുവൈറ്റ് നടപടികൾ സ്വീകരിക്കുന്നതാണ്. എന്നാൽ ഇത്തരം സംവിധാനങ്ങൾ കുവൈറ്റിലെ ദേശീയ സമ്പദ്വ്യവസ്ഥയിൽ വലിയ രീതിയിലുള്ള ഉണർവ് പ്രധാനം ചെയ്യാൻ കഴിവുള്ള പ്രവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.