യു എ ഇ ദേശീയ ദിനം: ഡിസംബർ 2 ആഗോളതലത്തിൽ ഭാവിയുടെ ദിനമായി ആചരിക്കുമെന്ന് UNESCO

featured GCC News

യു എ ഇയുടെ ദേശീയ ദിനമായ ഡിസംബർ 2 ആഗോളതലത്തിൽ ഭാവിയുടെ ദിനമായി (ഇന്റർനാഷണൽ ഡേ ഓഫ് ഫ്യൂച്ചർ) ആചരിക്കുന്നതിന് UNESCO അംഗീകാരം നൽകിയതായി യു എ ഇ വൈസ് പ്രെസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. നവംബർ 25-നാണ് അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം പങ്ക് വെച്ചത്.

എല്ലാ വർഷവും ഡിസംബർ 2-ന് ആചരിക്കുന്ന ഇന്റർനാഷണൽ ഡേ ഓഫ് ഫ്യൂച്ചർ ഭാവിയെ വരവേൽക്കുന്നതിനും, വരും തലമുറയ്ക്കായി സുസ്ഥിര വികസനത്തിന്റെ ഒരു പാത നിർമ്മിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനും ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നു. ലോകരാജ്യങ്ങൾക്കിടയിൽ സുസ്ഥിര വികസനം ഉറപ്പ് വരുത്തുന്നതിനായുള്ള ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട്, ഭരണനയങ്ങളുടെ നിർമ്മാണം എന്നിവ രൂപീകരിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ഈ പ്രത്യേക ദിവസം ലക്ഷ്യമിടുന്നു.

കഴിഞ്ഞ അമ്പത് വർഷം കൊണ്ട് ആഗോളതലത്തിൽ ഭാവിയെക്കുറിച്ചുള്ള പുതിയ സങ്കല്പങ്ങൾ ഒരുക്കുന്നതിലും, എല്ലാ രാജ്യങ്ങൾക്കും മാതൃകയാക്കാവുന്ന നേട്ടങ്ങൾ കൈവരിക്കുന്നതിലും യു എ ഇ എന്ന രാജ്യത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് ഡിസംബർ 2 എന്ന തീയതി ഭാവിയുടെ ദിനമായി ആചരിക്കാൻ UNESCO തീരുമാനിച്ചിരിക്കുന്നത്. വാണിജ്യ, വ്യവസായ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മാറ്റങ്ങൾ മുൻകൂട്ടി കണക്കാക്കുന്നതിനും, ഇതിനനുസരിച്ച് ഓരോ മേഖലകൾക്കും യോജ്യമായ ഭാവിയ്ക്കായി തയ്യാറെടുപ്പുകൾ നടത്തുന്നതിനും യു എ ഇ എന്ന രാജ്യം പ്രകടിപ്പിച്ചിട്ടുള്ള അനുഭവജ്ഞാനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം.

2021 നവംബർ 24-ന് പാരീസിൽ അവസാനിച്ച UNESCO-യുടെ നാല്പത്തൊന്നാമത് ജനറൽ കോൺഫെറൻസിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡിസംബർ 2-നെ ആഗോളതലത്തിൽ ഭാവിയുടെ ദിനമായി തിരഞ്ഞെടുക്കുന്നതിനുള്ള തീരുമാനം കോൺഫെറൻസിൽ ഏകകണ്ഠമായിട്ടാണ് കൈക്കൊണ്ടത്.

Cover Image: @HHShkMohd