രാജ്യത്ത് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2021 നവംബർ 28-ന് നടന്ന പത്രസമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹോസാനിയാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യ രണ്ട് ഡോസ് ഫൈസർ, സ്പുട്നിക് V വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തെ ഇടവേളയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. സിനോഫാം വാക്സിനെടുത്തവരിൽ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതാണ്.
ബൂസ്റ്റർ ഡോസിന് അർഹതയുള്ള മുഴുവൻ പേരോടും കാലതാമസം കൂടാതെ വാക്സിൻ സ്വീകരിക്കാൻ ഡോ. ഫരീദ അൽ ഹോസാനി ആവശ്യപ്പെട്ടു. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവരും, പ്രായമായവരും ബൂസ്റ്റർ ഡോസ് നിർബന്ധമായും സ്വീകരിക്കണമെന്ന് അവർ ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാമെന്ന് NCEMA ഓഗസ്റ്റ് 3-ന് അറിയിച്ചിരുന്നു. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിന് മുൻഗണന നൽകുന്ന രീതിയിലായിരുന്നു ഈ പ്രഖ്യാപനം.
സിനോഫാം COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുത്ത് 6 മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും അബുദാബി ഓഗസ്റ്റ് മാസം മുതൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നുണ്ട്.