ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൈകൊണ്ടിരുന്ന തീരുമാനം മാറ്റിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഡിസംബർ 1-നാണ് DGCA ഇക്കാര്യം അറിയിച്ചത്.
ആശങ്കാജനകമായ പുതിയ കൊറോണ വൈറസ് വകഭേദങ്ങളുടെ ആവിർഭാവത്തോടുകൂടിയ ആഗോള സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് DGCA സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡിസംബർ 15 മുതൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നവംബർ 26-ലെ ഉത്തരവിൽ ഭേദഗതി വരുത്തിയതായി DGCA റെഗുലേഷൻ ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ നീരജ് കുമാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
“വാണിജ്യ അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ പ്രാബല്യത്തിലുള്ള തീയതി സൂചിപ്പിക്കുന്ന ഉചിതമായ തീരുമാനം യഥാസമയം അറിയിക്കുന്നതാണ്.”, അദ്ദേഹം പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആഗോളതലത്തിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ചതിന്റെ ഫലമായാണ് ഈ തീരുമാനത്തിൽ മാറ്റം വരുത്തിയതെന്ന് പുതുക്കിയ ഉത്തരവിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങളുടെ 21 മാസത്തെ നിരോധനം അവസാനിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുനരവലോകനം ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന്, ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിളിച്ച യോഗം ഈ വിഷയം വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ ഫലമായി അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2021 ഡിസംബർ 15 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കൈകൊണ്ടിരുന്ന തീരുമാനം മാറ്റിവെക്കാനുള്ള DGCA-യുടെ തീരുമാനത്തോട് സിവിൽ ഏവിയേഷൻ മന്ത്രാലയം യോജിപ്പ് അറിയിക്കുകയായിരുന്നു.
WAM