യു എ ഇ ഗോൾഡൻ ജൂബിലി: എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

featured UAE

എക്സ്പോ 2020 ദുബായ് വേദിയിൽ നടന്ന യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രിയും, എക്സ്പോ 2020 കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പങ്കെടുത്തു. ആന്റിഗ്വ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, സാംസ്‌കാരിക, യുവജന വകുപ്പ് മന്ത്രി നൗറ ബിൻത് മുഹമ്മദ് അൽ കാബി, മറ്റു ഉന്നത ഉദ്യോഗസ്ഥർ, വിദേശ രാജ്യങ്ങളിലെ അംബാസഡർമാർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

ഡിസംബർ 2-ന് എക്സ്പോ വേദിയിൽ യു എ ഇയുടെ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് എക്സ്പോ 2020 വേദിയിൽ യു എ ഇ നാടോടികലകളുടെ പ്രത്യേക പ്രദർശനങ്ങൾ ഉണ്ടായിരുന്നു.

“ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളും, ശുഭാപ്തിവിശ്വാസവുമാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്. നമ്മുടെ ദേശീയ പദ്ധതികൾ ലക്‌ഷ്യം കാണുന്നതും, നമ്മുടെ ഭാവിയെക്കുറിച്ചുള്ള ദർശനങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരിക്കുന്നതും വലിയ പ്രതീക്ഷകളാണ് നമുക്ക് നൽകുന്നത്. എല്ലാവരിലും ഒത്തൊരുമ, സഹവർത്തിത്വം, ബഹുമാനം എന്നിവ ഉണർത്തുന്നതിൽ നമ്മുടെ രാജ്യം വഹിക്കുന്ന പങ്ക് നമുക്ക് വളരെയധികം അഭിമാനം നൽകുന്നതാണ്.”, എക്സ്പോ വേദിയിയിലെ ആഘോഷങ്ങളിൽ പങ്ക് ചേർന്ന് കൊണ്ട് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അറിയിച്ചു.

Source: Dubai Media Office.

“എമിറാത്തി സംസ്കാരം മുന്നോട്ട് വെക്കുന്ന സഹിഷ്‌ണുത, പുരോഗതി, വികസനം എന്നിവയിലൂന്നിക്കൊണ്ട്, മുഴുവൻ ലോകത്തിനും സമാധാനം, സഹാനുഭൂതി എന്നിവയുടെ സന്ദേശങ്ങളാണ് നമ്മുടെ രാജ്യം ഈ അവസരത്തിൽ നൽകുന്നത്. ലോക എക്സ്പോ എന്ന ഈ വലിയ അന്താരാഷ്ട്ര മേളയിലൂടെ നമ്മൾ ഈ സന്ദേശം ലോകത്തിന് മുൻപിൽ വെളിപ്പെടുത്തുന്നു. നിലവിലെ സാഹചര്യങ്ങളിൽ 192 രാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ട് എക്സ്പോ 2020 ദുബായ് മുന്നോട്ട് കുതിക്കുന്നു എന്നത് വലിയ ഒരു നേട്ടമാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Dubai Media Office.

യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിൽ വർണ്ണാഭമായ പ്രത്യേക പരേഡുകൾ, പ്രദർശനങ്ങൾ മുതലായവ സംഘടിപ്പിക്കപ്പെട്ടു.

https://twitter.com/expo2020dubai/status/1466506682675212294
https://twitter.com/expo2020dubai/status/1466449789491585031

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ ആഘോഷങ്ങളിൽ പങ്ക് ചേരുകയും, ഗോൾഡൻ ജൂബിലി ആശംസകൾ അറിയിക്കുകയും ചെയ്തു.

https://twitter.com/DXBMediaOffice/status/1466061437600780299

യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 1 മുതൽ 4 വരെയുള്ള തീയതികളിൽ എക്സ്പോ വേദിയിലുടനീളം എമിറാത്തി സംസ്കാരത്തെ അടുത്തറിയുന്നതിന് സഹായിക്കുന്ന കലാരൂപങ്ങൾ, പ്രദർശനങ്ങൾ, സംഗീതമേളകൾ എന്നിവ ഉൾപ്പടെ നിരവധി പ്രത്യേക പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്.

Prepared with Inputs from WAM.