2022 ഫെബ്രുവരി 1 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
2021 ഡിസംബർ 3-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിബന്ധനകളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് തങ്ങളുടെ ‘Tawakkalna’ ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിലനിർത്തുന്നതിന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായുള്ള നിബന്ധന 2022 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
- ഈ പ്രായവിഭാഗത്തിൽപ്പെടുന്ന, രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്കാണ് ഈ തീരുമാനം ബാധകമാക്കുന്നത്.
സൗദിയിലെ COVID-19 സുരക്ഷാ നിയമങ്ങൾ പ്രകാരം വ്യക്തികൾക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും, പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉൾപ്പടെ വിവിധ കാര്യങ്ങൾക്ക് തവക്കൽന ആപ്പിലെ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിർബന്ധമാണ്. സൗദിയിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് തവക്കൽന ആപ്പിൽ COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുണ്ട്:
- വാണിജ്യ, വ്യാവസായിക, സാംസ്കാരിക, കായിക, വിനോദസഞ്ചാര പരിപാടികളിൽ പങ്കെടുക്കുന്നതിന്.
- സാമൂഹിക, സാംസ്കാരിക ചടങ്ങുകൾ, വിനോദ പരിപാടികൾ, ശാസ്ത്രീയ പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിന്.
- പൊതു, സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന്.
- വിമാനയാത്രയ്ക്ക്.
- പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന്.
ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് നേടിയിട്ടുള്ളതായി തവക്കൽന ആപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് ഒഴിവാക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.