നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഡിസംബർ 11-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.
സൈക്കിൾ, ബൈക്ക് മുതലായവ വെക്കുന്നതിനുള്ള റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും എമിറേറ്റിൽ നിയമ ലംഘനമായി കണക്കാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം റാക്കുകളുടെയും, സൈക്കിൾ കാരിയറുകളുടെയും താഴ്ഭാഗത്ത് വാഹനത്തിന്റെ നമ്പർ വ്യക്തമായി കാണുന്നതിനായി ഒരു അധിക നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിന് അനുമതി നൽകുന്നത്.
റാക്കുകൾ കൊണ്ടും മറ്റും നമ്പർ പ്ലേറ്റ് മറയ്ക്കുന്നതും, വ്യക്തമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും ഉൾപ്പടെയുള്ള ലംഘനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുന്നതാണ്. ഈ പുതിയ സംരംഭത്തിലൂടെ ഇത്തരം സൈക്കിൾ കാരിയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അത്തരം കരിയറുകളിൽ ഒരു അധിക നമ്പർപ്ലേറ്റ് ഘടിപ്പിച്ച് കൊണ്ട് നിയമലംഘനം ഒഴിവാക്കാവുന്നതാണ്.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും, നമ്പർ പ്ലേറ്റ് മറച്ച് വെച്ചുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതും അബുദാബിയിൽ പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ കർശനമായ ശിക്ഷാ നടപടികൾ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.