യു എ ഇ: ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകളിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ സംബന്ധിച്ച് NCEMA അറിയിപ്പ് പുറത്തിറക്കി

featured GCC News

ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകളിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി. ഡിസംബർ 15-ന് രാത്രിയാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ക്രിസ്മസ്, പുതുവത്സര ആഘോഷ വേളകളിൽ താഴെ പറയുന്ന മുൻകരുതൽ നിബന്ധനകളാണ് NCEMA അറിയിച്ചിട്ടുള്ളത്:

  • ഇത്തരം ആഘോഷങ്ങൾ നടത്തുന്ന വേദികളുടെ പരമാവധി ശേഷിയുടെ 80 ശതമാനം പേർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
  • ഇത്തരം വേദികളിലെത്തുന്ന മുഴുവൻ പേർക്കും 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇത്തരം വേദികളിലേക്കുള്ള പ്രവേശനം ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമായിരിക്കും അനുവദിക്കുക.
  • ഇത്തരം വേദികളിലേക്കുള്ള പ്രവേശനം ആൾത്തിരക്ക് ഒഴിവാക്കികൊണ്ടായിരിക്കണമെന്നും, ഇതിനായി എല്ലാ പ്രവേശന കവാടങ്ങളിലും ആൾത്തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ബാരിയറുകൾ ഏർപ്പെടുത്തുണമെന്നും NCEMA അറിയിച്ചിട്ടുണ്ട്. വേദികളിൽ ആൾത്തിരക്ക് ഒരുകാരണവശാലും അനുവദിക്കുന്നതല്ല.
  • ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ പേരും മാസ്കുകൾ ധരിക്കേണ്ടതാണ്. ആൾത്തിരക്ക് ഒഴിവാക്കേണ്ടതാണ്.
  • ഇത്തരം ആഘോഷങ്ങളിലെത്തുന്നവർ മുഴുവൻ സമയവും ചുരുങ്ങിയത് 1.5 മീറ്റർ സമൂഹ അകലം ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം ആഘോഷങ്ങൾ നടത്തുന്ന വേദികളിൽ കൃത്യമായ അണുനശീകരണ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം വേദികളുടെ പ്രവേശനകവാടങ്ങൾ, ശുചിമുറികൾ തുടങ്ങിയ ഇടങ്ങളിൽ സാനിറ്റൈസറുകൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ഹസ്തദാനം ഒഴിവാക്കേണ്ടതാണ്.
  • ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഇത്തരം വേദികളിൽ ഒരുമിച്ച് ഇരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ഇത്തരം ആഘോഷവേദികളിലെ സംഘാടകർ പ്രത്യേക പരിശോധക സംഘങ്ങളെ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുമെന്ന് NCEMA പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.