രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി. ഈ പൊതുമാപ്പ് കാലാവധിയെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ഒരു വെബിനാറിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികളുടെ എൻട്രി ആൻഡ് എക്സിറ്റ്, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട ‘2015/ 21’ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ട് ഖത്തറിലെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ തിരുത്തി നേടുന്നതിന് ഈ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പൊതുമാപ്പ് കാലാവധിയുടെ പ്രയോജനം ഉപയോഗപ്പെടുത്തുന്നതിനായി ഇതുവരെ ഇരുപതിനായിരത്തിലധികം അപേക്ഷകൾ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാത്തവരും, റെസിഡൻസി പെർമിറ്റുകൾ പുതുക്കാത്തവരുമായ തൊഴിലുടമകൾക്ക് ഒത്തുതീര്‍പ്പ് നടപടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തുകകളിൽ ഈ പൊതുമാപ്പ് കാലയളവിൽ അമ്പത് ശതമാനം കിഴിവ് അനുവദിക്കുന്നതിനും ഖത്തർ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇത്തരം രേഖകൾ തിരുത്തി നേടുന്നതിനുള്ള അപേക്ഷകൾ പ്രവാസികൾക്കോ, തൊഴിലുടമകൾക്കോ ഈ കാലയളവിൽ സെർച്ച് ആൻഡ് ഫോളോഅപ്പ് ഡിപ്പാർമെന്റിൽ സമർപ്പിക്കാവുന്നതാണ്.
ഒരേ തൊഴിലുടമയ്ക്ക് കീഴിൽ തന്നെ ഇത്തരം രേഖകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ അൽ ഷാംയാൽ, അൽ ഖോർ, അൽ ദായേൻ, ഉം സുലാൽ, ദി പേൾ, ഉനൈസ, സൗഖ് വാഖിഫ്, അൽ റയ്യാൻ, ഉം സുനൈമ്, ശഹാനിയ, മിസായിമീർ, വക്ര, ദുഖാൻ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ സമർപ്പിക്കാവുന്നതാണ്.
ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് ഇത്തരം രേഖകൾ മാറ്റിക്കൊണ്ട് ഇത്തരം ലംഘനങ്ങൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ ഉം സുലാൽ സർവീസ് സെന്റർ, ഉം സുനൈമ് സർവീസ് സെന്റർ, അൽ വക്ര സർവീസ് സെന്റർ, അൽ റയ്യാൻ സർവീസ് സെന്റർ, മിസായിമീർ തുടങ്ങിയ സേവനകേന്ദ്രങ്ങളിൽ നൽകാവുന്നതാണ്. മേല്പറഞ്ഞ കേന്ദ്രങ്ങളിൽ പൊതുമാപ്പ് കാലയളവിൽ പ്രവർത്തിദിനങ്ങളിൽ ഉച്ചയ്ക്ക് 1 മണിമുതൽ വൈകീട്ട് 6 മണിവരെ ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ജീവനക്കാരുടെ പാസ്സ്‌പോർട്ട് അനധികൃതമായി പിടിച്ച് വെക്കുന്ന തൊഴിലുടമകൾക്ക് 25000 റിയാൽ പിഴ ചുമത്തുമെന്നും ഇതേ വെബിനാറിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.