രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ ആദ്യ ഘട്ടത്തിൽ ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന ഉയർന്ന രോഗസാധ്യത നിലനിൽക്കുന്ന കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ നടപടികളുടെ ഭാഗമായി 2021 ഡിസംബർ 21 മുതൽ സൗദിയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദങ്ങൾ ഉൾപ്പടെയുള്ള വ്യാപനം ഉയരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം, രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് അംഗീകാരം നൽകിയതായി ഡിസംബർ 22-ന് സൗദി ആരോഗ്യ വകുപ്പ് ഉപമന്ത്രി ഡോ. അബ്ദുല്ല അസിരി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് മുതിർന്നവർക്ക് നൽകുന്ന ഡോസിന്റെ പകുതി നൽകുന്നതിനാണ് മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നതെന്നും, ഇത് രണ്ട് തവണകളിലായാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള കുട്ടികളിൽ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ നിലവിൽ കുറവാണെന്നും, ഏതാനം പേർക്ക് മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നതെന്നും അദ്ദേഹം അറിയിച്ചു. വാക്സിനെടുത്ത കുട്ടികളിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Cover Photo: Saudi Ministry of Health (@SaudiMOH)