2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കുന്ന പുതുക്കിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഡിസംബർ 26 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള കുവൈറ്റ് ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് DGCA ഈ അറിയിപ്പ് പുറത്തിറക്കിയത്.
ഡിസംബർ 23-നാണ് കുവൈറ്റ് DGCA ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. DGCA-യുടെ ഈ അറിയിപ്പ് പ്രകാരം, 2021 ഡിസംബർ 26-ന് അർദ്ധരാത്രി മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കുന്നതാണ്:
- യാത്രികർ കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഈ രേഖയില്ലാത്ത യാത്രികരെ കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
- മുഴുവൻ യാത്രികർക്കും കുവൈറ്റിൽ പ്രവേശിച്ച ശേഷം 10 ദിവസത്തെ ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. എന്നാൽ യാത്രികർക്ക് ആവശ്യമെങ്കിൽ, കുവൈറ്റിൽ എത്തി 72 മണിക്കൂർ പൂർത്തിയാക്കിയ ശേഷം നടത്തുന്ന PCR പരിശോധനയിൽ ലഭിക്കുന്ന നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് കൊണ്ട് ഈ ഹോം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
യാത്രികരുടെ COVID-19 വാക്സിനേഷൻ രേഖകൾ സംബന്ധിച്ച് DGCA നൽകിയിട്ടുള്ള അറിയിപ്പ്:
- കുവൈറ്റിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് ഇത് സംബന്ധിച്ച സ്ഥിരീകരണത്തിനായി കുവൈറ്റ് മൊബൈൽ ഐഡി അല്ലെങ്കിൽ ഇമ്മ്യൂൺ ആപ്പ് രേഖയായി ഉപയോഗിക്കാവുന്നതാണ്.
- വിദേശത്ത് നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർ ഇത് സംബന്ധിച്ച സ്ഥിരീകരണത്തിനായി വിദേശത്ത് നിന്ന് ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റിൽ പാസ്സ്പോർട്ടിലെ അതേ പേര്, വാക്സിൻ വിവരങ്ങൾ, ഡോസുകൾ സ്വീകരിച്ച തീയതി, വാക്സിൻ നൽകിയ ഏജൻസിയുടെ വിവരങ്ങൾ, QR കോഡ് എന്നിവ രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. QR കോഡ് ഇല്ലാത്ത സർട്ടിഫിക്കറ്റുകൾ കുവൈറ്റ് ആരോഗ്യ വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പരിശോധനകൾക്കായി നൽകേണ്ടതാണ്.
ഇതിന് പുറമെ, കുവൈറ്റിൽ നിന്ന് വിദേശത്തേക്ക് സഞ്ചരിക്കുന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തുമെന്നും DGCA ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റിൽ നിന്ന് അംഗീകൃത COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തികൾ, അവർ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, ബൂസ്റ്റർ ഡോസ് എടുക്കുന്നത് വരെ അവരെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരായി കരുതുന്നതാണെന്ന ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം.
ഇത് പ്രകാരം, രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ കുവൈറ്റി പൗരന്മാർക്കും ബൂസ്റ്റർ ഡോസ് എടുത്ത ശേഷം മാത്രമാണ് വിദേശയാത്രയ്ക്ക് അനുവാദം നൽകുന്നതെന്ന് DGCA സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ജനുവരി 2, ഞായറാഴ്ച്ച മുതലാണ് ഈ നിബന്ധന പ്രാബല്യത്തിൽ വരുന്നത്.