ഒമാൻ: COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല

featured GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത വ്യക്തികൾക്ക് രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി. COVID-19 വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ കർശനമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് നൽകിയ ഔദ്യോഗിക അറിയിപ്പിലാണ് മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

2022 ജനുവരി 3-നാണ് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിബന്ധനകൾ പാലിക്കാൻ ഒമാനിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:

  • രാജ്യത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം അമ്പത് ശതമാനത്തിൽ നിയന്ത്രിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
  • ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന മുഴുവൻ സന്ദർശകരും മാസ്കുകളുടെ ഉപയോഗം, 2 മീറ്റർ സാമൂഹിക അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ള ഷോപ്പിംഗ് ട്രോളികൾ, സ്ഥാപനങ്ങളുടെ പരിസരങ്ങൾ മുതലായവ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
  • സ്ഥാപനങ്ങൾ സന്ദർശകർക്കായി ഹാൻഡ് സാനിറ്റൈസറുകൾ ഒരുക്കേണ്ടതാണ്.
  • ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകർ രണ്ട് ഡോസ് COVID-19 വാക്സിനെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇത്തരം സ്ഥാപനങ്ങളിൽ ഓൺലൈൻ സേവനങ്ങൾ ലഭ്യമാണെങ്കിൽ തിരക്കൊഴിവാക്കുന്നതിനായി അത്തരം സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി മന്ത്രാലയം പ്രത്യേക പരിശോധനകൾ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.