സൗദി: പ്രൈമറി സ്‌കൂളുകളിൽ ജനുവരി 23 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനം

featured GCC News

രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും 2022 ജനുവരി 23 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2022 ജനുവരി 9-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ പ്രൈമറി, കിന്റർഗാർട്ടൺ തലത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന പഠന രീതി പുനരാരംഭിക്കുന്നതാണ്. ഏതാണ്ട് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയിലെ പ്രൈമറി, കിന്റർഗാർട്ടൺ തലത്തിലെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുന്നത്.

ഇന്റർമീഡിയറ്റ്, സെക്കണ്ടറി തലങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ നേരിട്ടുള്ള പഠനം വിജയകരമായി നടപ്പിലാക്കാനായതും, രാജ്യത്ത് COVID-19 രോഗബാധയ്‌ക്കെതിരായ വാക്സിനേഷൻ നടപടികൾ ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പരമാവധി നടപ്പിലാക്കുന്നതും കണക്കിലെടുത്താണ് ഈ തീരുമാനത്തിന് കാരണമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ആരോഗ്യ കാരണങ്ങളാൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക സംവിധാനങ്ങളിലൂടെയുള്ള ഓൺലൈൻ പഠനം തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Cover Image: Saudi Press Agency.