നോർക്ക നൈപുണ്യ പരിശീലന പദ്ധതി പുതിയ ഉയരങ്ങളിലേയ്ക്ക്

Kerala News

വിവരസാങ്കേതിക വിദ്യാരംഗത്ത് തൊഴിൽ തേടുന്നവരുടെ നൈപുണ്യ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ട്സ് കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തമുളള ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐ.സി.റ്റി.ഐ.കെ) യുമായി സഹകരിച്ച് നടത്തിവരുന്ന പരിശീലന പരിപാടിയിൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ മേഖലയിലെ വിവിധ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കുടിയേറ്റ തയ്യാറെടുപ്പുകൾ തുടങ്ങി നൈപുണ്യ വൈദഗ്ദ്ധ്യം, റിക്രൂട്ട്മെന്റ്,  വിദേശ രാജ്യങ്ങളിലെ സുരക്ഷ മുതൽ  തിരികെ നാട്ടിലെത്തുന്നത് വരെയുള്ള പ്രവാസി ജീവിതചക്രത്തിൽ നോർക്കയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഐ.സി.റ്റി.ഐ.ക്കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സന്തോഷ് കുറുപ്പ് അധ്യക്ഷത വഹിച്ചു.

ഐറ്റി മേഖലയിൽ ഉയർന്ന തൊഴിൽ സാധ്യതയുളള റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ്, ഡാറ്റാ സയൻസ് & അനലിറ്റിക്സ് എന്നീ നൈപുണ്യ വൈദഗ്ദ്ധ്യ പരിശീലന കോഴ്സുകളാണ് നടത്തിയത്. രണ്ടു മാസം ദൈർഘ്യമുളള ഓരോ കോഴ്സുകൾക്ക് 75 ശതമാനം ഫീസ് നോർക്ക റൂട്ട്സ് വഹിക്കുന്നുണ്ട്. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ 25 പേർക്ക് വിവിധ ഐ.റ്റി സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമായിട്ടുണ്ട്. കൂടാതെ 10 വിദ്യാർത്ഥികൾക്ക് വിവിധ മൾട്ടി നാഷണൽ കമ്പനികളിൽ ഇന്റേൺഷിപ്പും ലഭ്യമായിട്ടുണ്ട്. 20 തോളം ഐ.റ്റി സ്ഥാപനങ്ങൾ നിയമനം നൽകുന്നതിനായും മുന്നോട്ട് വന്നിട്ടുണ്ട്. ആദ്യമായാണ് ഈ പദ്ധതിയിൻകീഴിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭ്യമാകുന്നത്.

നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജർ അജിത്ത് കോളശ്ശേരി, ഐ.സി.റ്റി.ഐ.കെ നോളഡ്ജ് ഓഫീസർമാരായ യു.എൽ രമ്യ, ഡോ. എസ്. പ്രദീപ്, തുടങ്ങിയവർ  പങ്കെടുത്തു.