തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടറാവാൻ പ്രവാസികൾ പ്രത്യേകം രെജിസ്റ്റർ ചെയ്യണം.

Kerala News

ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടർമാരാവാൻ അവസരം ഒരുങ്ങിയിരിക്കയാണല്ലോ. ഇതു സംബന്ധമായി അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ വിശകലനം ചെയ്യുകയാണിവിടെ.

  1. നേരത്തെ National Voters Service Portal (NVSP) പ്രകാരം വോട്ടറായിട്ടുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വോട്ടറാവാൻ പ്രത്യേകമായി രജിസ്റ്റർ ചെയ്യണം.
  2. ഇതിനായി http://www.lsgelection.kerala.gov.in/ എന്ന ലിങ്കിൽ കയറി Online Addition for Pravasi Voters എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തങ്ങളുടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള അഡ്രസ്സ് ഉൾകൊള്ളുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ ഉൾക്കൊളളുന്ന വാർഡിലാണ് വോട്ടറായി രജിസ്റ്റർ ചെയ്യേണ്ടത്.
  3. തങ്ങളുടെ ജില്ല, ലോക്കൽ ബോഡി (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപറേഷൻ) വാർഡ് , പോളിംഗ് സ്റ്റേഷൻ തുടങ്ങിയ വിവരങ്ങളും, പാസ്പോർട്ടിലുള്ള വീട്ടു പേര്, വീട്ടുനമ്പർ, താമസ സ്ഥലം, പോസ്റ്റ് ഓഫീസ്, താലൂക്ക്, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് Issue ചെയ്ത സ്ഥലം, വിസ സംബന്ധമായ വിവരങ്ങളും നൽകുക.
  4. ഓൺലൈനിൽ വിവരങ്ങൾ നൽകിയ ശേഷം അതിന്റെ പ്രിൻറ് എടുക്കുക.
  5. ഓൺലൈനിൽ നൽകിയ പാസ്പോർട്ട് വിവരങ്ങളുടെയും വിസ അടിച്ച പേജ്, ഫോട്ടോ അടങ്ങിയ പേജ് എന്നിവയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ഓൺലൈൻ വിവരങ്ങളുടെ പ്രിൻറ് ചെയ്ത കോപ്പികളും സഹിതം സംസ്ഥാനത്തെ താമസസ്ഥലം ഉൾക്കൊള്ളുന്ന ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് തപാൽ വഴിയോ നേരിട്ടോ നൽകണം.
  6. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സെക്രട്ടറിമാരും, കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ.
  7. പ്രവാസി വോട്ടറായി പേര് ചേർക്കപ്പെട്ടാൽ അതത് സ്ഥലങ്ങളിൽ നേരിട്ടെത്തി ഒറിജിനൽ പാസ്പോർട്ട് ഹാജരാക്കി വോട്ടു ചെയ്യാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക.

പ്രവാസികൾക്ക് പ്രോക്സി വോട്ട് നൽകുന്നതിനായുള്ള ബിൽ ലോക സഭ നേരത്തെ പാസ്സാക്കുകയും ഇപ്പോൾ രാജ്യസഭയുടെ പരിഗണനയിൽ നിൽക്കുന്നതുമാണ്. ഈ തെരെഞ്ഞെടുപ്പിന് മുമ്പ് രാജ്യസഭ ബിൽ പാസ്സാക്കാൻ സാധ്യത ഏറെയാണ്. ബിൽ പാസ്സായാൽ പ്രവാസികൾക്ക് പ്രോക്സി വോട്ടിനും സാധ്യത തെളിയും. അതു പോലെ, തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പ്രോക്സി വോട്ടോ നേരിട്ടെത്തെത്താതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഞാൻ ലോക കേരള സഭാ സമ്മേളനത്തിൽ രേഖാമൂലം സർക്കാറിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിൽ അനുകൂലനീക്കം പ്രതീക്ഷിക്കുന്നു.

സംസ്ഥാന സർക്കാർ അത്തരം തീരുമാനം കൈകൊണ്ടാലും പ്രവാസികൾക്ക് ഏറെ പ്രയോജനമാവും.

സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തുന്ന ഈ സംവിധാനം പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടു വരണമെന്ന അഭ്യർത്ഥനയോടെ.

റിപ്പോർട്ട് തയ്യാറാക്കിയത് : അബ്ദുൽ റഊഫ് കൊണ്ടോട്ടി , Doha, Qatar.

1 thought on “തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടറാവാൻ പ്രവാസികൾ പ്രത്യേകം രെജിസ്റ്റർ ചെയ്യണം.

Comments are closed.