ഖത്തർ: ദന്ത ചികിത്സകൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നടപടികൾ സംബന്ധിച്ച അറിയിപ്പ്

Qatar

തങ്ങളുടെ ആശുപത്രികളിൽ ദന്ത ചികിത്സകൾക്കായി എത്തുന്നവർക്ക് ഏതാനം COVID-19 സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. 2022 ജനുവരി 20-നാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഏതാനം മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമാണ് ഹമദ് ഡെന്റൽ സർവീസസ് തങ്ങളുടെ കെട്ടിടങ്ങളിലേക്ക് രോഗികൾക്കും, സന്ദർശകർക്കും പ്രവേശനം അനുവദിക്കുന്നത്. സാധാരണ രീതിയിലുള്ള ദന്ത ചികിത്സകൾക്കുള്ള മുൻ‌കൂർ അനുമതികൾ ആശുപത്രികളിൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ ദന്ത ചികിത്സകൾക്കായി എത്തുന്നവർക്ക് താഴെ പറയുന്ന സുരക്ഷാ നിബന്ധനകൾ ബാധകമാണ്:

  • ഡെന്റൽ ചികിത്സകൾക്കെത്തുന്ന പ്രായപൂർത്തിയായ രോഗികൾ ആശുപത്രികളിൽ തനിച്ച് എത്തേണ്ടതാണ്. പ്രായമായവർക്കും, തനിച്ച് സഞ്ചരിക്കുന്നതിന് ആരോഗ്യ കാരണങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്.
  • പതിനെട്ട് വയസ് വരെ പ്രായമുള്ളവരോടൊപ്പം ഒരു രക്ഷിതാവിന് കൂടെ വരുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
  • തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി രോഗികൾക്കൊപ്പമെത്തുന്ന മറ്റുള്ളവർക്ക് ക്ലിനിക്കുകളിൽ പ്രവേശനം അനുവദിക്കുന്നതല്ല.
  • ക്ലിനിക്കുകളിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്.
  • ക്ലിനിക്കുകളിലെത്തുന്നവർ Ehtheraz ആപ്പിലെ സ്റ്റാറ്റസ് ഹാജരാക്കേണ്ടതാണ്.
  • ഇത്തരം ചികിത്സകൾക്കായി ക്ലിനിക്കുകളിലെത്തുന്നതിന് മുൻ‌കൂർ അനുമതി നേടിയിട്ടുള്ള വ്യക്തികൾക്ക് ക്ലിനിക്കിൽ എത്തുന്നതിന് മുൻപായി പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ 16000 എന്ന COVID-19 ഹോട്ട് ലൈനിൽ വിളിച്ച് ഉപദേശം തേടേണ്ടതാണ്. ഈ ഹോട്ട് ലൈനിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശ പ്രകാരം മാത്രമേ ഇത്തരം വ്യക്തികൾ ക്ലിനിക്കുകളിൽ പ്രവേശിക്കാവൂ.