PCR ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവരുടെ അൽഹൊസൻ ആപ്പിലെ സ്റ്റാറ്റസ്, രോഗബാധ ആദ്യമായി സ്ഥിരീകരിച്ച ദിനം മുതൽ 11 ദിവസങ്ങൾക്ക് ശേഷം, സ്വയമേവ ഗ്രീൻ സ്റ്റാറ്റസിലേക്ക് തിരികെ മടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്കാണ് ഇപ്രകാരം ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നത്.
അൽഹൊസൻ ആപ്പിൽ നൽകിയിട്ടുള്ള ആപ്പ് സംബന്ധമായ വിവരങ്ങളിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം രോഗബാധിതരാകുന്നവർക്ക് ഗ്രീൻ സ്റ്റാറ്റസ് താഴെ പറയുന്ന രീതിയിലാണ് തിരികെ ലഭിക്കുന്നത്:
- രോഗബാധ സ്ഥിരീകരിച്ച് കൊണ്ട് പരിശോധനയിൽ പോസിറ്റീവ് ആകുന്നവർ പത്ത് ദിവസത്തെ ക്വാറന്റീനിൽ തുടരേണ്ടതാണ്.
- ഇവർ ആപ്പിലെ സ്റ്റാറ്റസ് സ്വയമേവ ഗ്രീൻ ആകുന്നതിനായി പതിനൊന്നാമത്തെ ദിനം വരെ കാത്തിരിക്കേണ്ടതാണ്.
- ഇത്തരത്തിൽ തിരികെ ലഭിക്കുന്ന ഗ്രീൻ സ്റ്റാറ്റസ് 30 ദിവസം വരെ നിലനിൽക്കുന്നതാണ്.
- തുടർന്ന് ഇത് നിലനിർത്തുന്നതിനായി അടുത്ത 60 ദിവസത്തെ കാലയളവിൽ ഓരോ 14 ദിവസം തോറും ഒരു PCR ടെസ്റ്റ് വീതം നടത്തേണ്ടതാണ്.
രോഗലക്ഷണങ്ങളൊന്നുമില്ലാത്തവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ കാലാവധി അവസാനിപ്പിക്കുന്നതിന് മുൻപായി ഗ്രീൻ സ്റ്റാറ്റസ് തിരികെ ലഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ:
- പത്ത് ദിവസത്തെ ക്വാറന്റീൻ കാലാവധിക്കുള്ളിൽ രോഗം പൂർണ്ണമായും ഭേദമാകുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ 2 തവണ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ലഭിക്കുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ ഗ്രീൻ സ്റ്റാറ്റസ് തിരികെ നേടാവുന്നതാണ്.
- ഇത്തരത്തിൽ തിരികെ ലഭിക്കുന്ന ഗ്രീൻ സ്റ്റാറ്റസ് 30 ദിവസം വരെ നിലനിൽക്കുന്നതാണ്.
- തുടർന്ന് ഇത് നിലനിർത്തുന്നതിനായി അടുത്ത 60 ദിവസത്തെ കാലയളവിൽ ഓരോ 14 ദിവസം തോറും ഒരു PCR ടെസ്റ്റ് വീതം നടത്തേണ്ടതാണ്.
നേരത്തെ രോഗബാധിതർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ കാലാവധി അവസാനിച്ച ശേഷം ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുന്നതിന് 24 മണിക്കൂറിനിടയിൽ PCR പരിശോധനയിൽ രണ്ട് തവണ നെഗറ്റീവ് ഫലം ആവശ്യമായിരുന്നു.