നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി അൽ ഖീസ ഇന്റർചേഞ്ചിലെ ഒരു പാലത്തിൽ ആറ് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. അൽ ഖീസ റൗണ്ട്എബൗട്ടിൽ നിന്ന് അൽ ഷമാൽ റോഡിലേക്ക് പോകുന്ന ദിശയിലേക്കുള്ള ഗതാഗതമാണ് ഈ പാലത്തിൽ നിരോധിച്ചിരിക്കുന്നത്.
2022 ഫെബ്രുവരി 11-ന് അർദ്ധരാത്രി മുതൽ ആറ് മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അൽ ഖരൈത്തിയത്, ഇസ്ഖാവ മേഖലകളിൽ നടക്കുന്ന റോഡ്, അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ഗതാഗത നിയന്ത്രണം.
അൽ ഖീസ റൗണ്ട്എബൗട്ട് ലക്ഷ്യമിട്ട് ഈ പാലത്തിലൂടെ സഞ്ചരിക്കേണ്ടവർക്ക്, ഈ കാലയളവിൽ അൽ ഖരൈത്തിയത് സ്ട്രീറ്റ് ഉപയോഗപ്പെടുത്താമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രികർക്ക് ഈ സ്ട്രീറ്റിലൂടെ കെന്റക്കി റൗണ്ട്എബൗട്ടിലേക്കും, തുടർന്ന് ഇടത്തോട്ട് തിരിഞ്ഞ് സുഹൈൽ ബിൻ നാസ്സർ അൽ അത്തിയ സ്ട്രീറ്റിലേക്കും സഞ്ചരിച്ച് കൊണ്ട് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ജംഗ്ഷനിലേക്ക് എത്താവുന്നതാണ്.
ദോഹയിലേക്ക് സഞ്ചരിക്കേണ്ടവർക്ക് അൽ ഷമാൽ റോഡിലെ സർവീസ് റോഡ് ഉപയോഗപ്പെടുത്താവുന്നതാണ്. അൽ റുവൈസ്, മറ്റു വടക്കന്‍ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ ശേഷം ജാസ്സിം ബിൻ മുഹമ്മദ് സ്ട്രീറ്റിലൂടെ സഞ്ചരിച്ച് അൽ ഖീസ ഇന്റർസെക്ഷനിൽ എത്താവുന്നതാണ്.