അബുദാബി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

featured GCC News

എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിച്ചു. ഫെബ്രുവരി 11-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റിലെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നേരത്തെ തന്നെ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ മറ്റു COVID-19 വാക്സിനുകൾ സ്വീകരിച്ചിട്ടില്ലാത്ത 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും അബുദാബിയിൽ ഫൈസർ ബയോഎൻടെക് വാക്സിൻ കുത്തിവെപ്പ് ലഭ്യമാണ്.

രണ്ട് ഡോസ് കുത്തിവെപ്പുകളായാണ് ഈ പ്രായവിഭാഗക്കാർക്ക് ഫൈസർ ബയോഎൻടെക് വാക്സിൻ നൽകുന്നത്. ഇരു ഡോസുകൾക്കുമിടയിൽ മൂന്നാഴ്‌ച്ചത്തെ ഇടവേളയോടെയാണ് ഈ വാക്സിൻ നൽകുന്നത്.

എമിറേറ്റിലെ മുബദല ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നും, അബുദാബി പബ്ലിക് ഹെൽത്ത് സർവീസ് കമ്പനിയുടെ (SEHA) കീഴിലുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നും ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ ലഭിക്കുന്നതാണ്. https://www.adphc.gov.ae/en/COVID-19/COVID-19-Vaccination/COVID-19-Vaccination എന്ന വിലാസത്തിൽ നിന്ന് അബുദാബിയിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്.

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളിൽ ഫൈസർ COVID-19 വാക്സിൻ അടിയന്തിര ഉപയോഗത്തിന് യു എ ഇ ആരോഗ്യ മന്ത്രാലയം നേരത്തെ അംഗീകാരം നൽകിയിരുന്നു.

ഈ പ്രായവിഭാഗക്കാർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) 2022 ഫെബ്രുവരി 1-ന് അറിയിച്ചിരുന്നു.