ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന മുൻ‌കൂർ രജിസ്‌ട്രേഷൻ ഒഴിവാക്കിയതായി CAA

featured GCC News

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന മുൻ‌കൂർ രജിസ്‌ട്രേഷൻ ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2022 ഫെബ്രുവരി 21-ന് രാത്രിയാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ https://travel.moh.gov.om എന്ന വിലാസത്തിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാനാപനം CAA ഫെബ്രുവരി 21-ന് പുറത്തിറക്കിയിട്ടുണ്ട്.

താഴെ പറയുന്ന കാര്യങ്ങളാണ് ഈ വിജ്ഞാപനത്തിൽ ഒമാൻ CAA അറിയിച്ചിരിക്കുന്നത്:

  • ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ https://travel.moh.gov.om എന്ന വിലാസത്തിൽ മുൻ‌കൂർ രജിസ്‌ട്രേഷൻ ചെയ്യേണ്ടതില്ല.
  • ഒമാനിലേക്ക് സഞ്ചരിക്കുന്ന പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള വിദേശികൾ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ (ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ 2 ഡോസ് സ്വീകരിച്ചതായുള്ള) ഹാജരാക്കേണ്ടതാണ്.
  • ഒമാനിലേക്ക് സഞ്ചരിക്കുന്ന പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികരും ഒമാനിലെത്തിയ ഉടനെയോ, 24 മണിക്കൂറിനകമോ, ഒരു നെഗറ്റീവ് PCR റിസൾട്ട് ഹാജരാക്കണ്ടതാണ്. മുഴുവൻ യാത്രികർക്കും COVID-19 ചികിത്സാ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.