റമദാൻ 2022: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

featured GCC News

2022-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ സർക്കാർ അറിയിപ്പ് പുറത്തിറക്കി. 2022 മാർച്ച് 3-ന് വൈകീട്ടാണ് യു എ ഇ സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, ഓഫീസുകൾ എന്നിവ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:

  • തിങ്കൾ മുതൽ വ്യാഴം വരെ – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12:00 വരെ.

റമദാനിൽ സർക്കാർ മേഖലയിൽ വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ആവശ്യമെങ്കിൽ ഫ്ലെക്സിബിൾ വർക്കിംഗ്, റിമോട്ട് വർക്ക് സംവിധാനങ്ങൾ നടപ്പിലാക്കാൻ ഫെഡറൽ അധികാരികൾക്ക് അനുമതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച്ചകളിൽ ആകെ സർക്കാർ ജീവനക്കാരുടെ 40 ശതമാനം പേർക്ക് വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള അനുമതി നൽകാനുള്ള അനുവാദവും ഈ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം യു എ ഇയിലെ 2022-ലെ റമദാൻ ഒന്ന് 2022 ഏപ്രിൽ 2-നായിരിക്കാൻ സാധ്യതയുള്ളതായി അധികൃതർ ചൂണ്ടികാട്ടിയിട്ടുണ്ട്. അബുദാബിയിൽ 2022 മാർച്ച് 3-ന് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഇന്റർനാഷണൽ അസ്‌ട്രോണോമി സെന്റർ വ്യക്തമാക്കി.

ഇതോടെ ശഅബാൻ മാസം 2022 മാർച്ച് 4, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. ഈ വർഷം ശഅബാൻ മാസത്തിൽ 29 ദിവസം മാത്രമാണെങ്കിൽ 2022 ഏപ്രിൽ 2-ന് റമദാൻ മാസം ആരംഭിക്കുന്നതാണ്. ശഅബാൻ 30 ദിവസം തികയ്ക്കുന്ന സാഹചര്യത്തിൽ 2022 ഏപ്രിൽ 3-നായിരിക്കും റമദാൻ മാസം ആരംഭിക്കുന്നത്.

With inputs from WAM