യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി നമീബിയ, ഗയാന, പാലസ്തീൻ, ഓസ്ട്രിയ, കൊളംബിയ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. 2022 മാർച്ച് 24-നാണ് അദ്ദേഹം ഈ പവലിയനുകൾ സന്ദർശിച്ചത്.
എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന നമീബിയയുടെ പവലിയൻ സന്ദർശിച്ചു. ഈ പവലിയനിൽ വെച്ച് അദ്ദേഹം നമീബിയയുടെ പ്രസിഡണ്ട് ഹാജ് ജിൻഗോബുമായി കൂടിക്കാഴ്ച്ച നടത്തി. വിവിധ വാണിജ്യ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
വിവിധ മേഖലകളിലെ വൈദഗ്ധ്യം പരസ്പരം പങ്ക് വെക്കുന്നതിനെക്കുറിച്ചും, യു എ ഇയും നമീബിയയും തമ്മിലുള്ള വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും ചർച്ച നടത്തി. രാജ്യം മുന്നോട്ട് വെക്കുന്ന സുസ്ഥിര ഊർജ്ജ നിർമ്മാണ സാധ്യതകളെക്കുറിച്ച് നമീബിയൻ പവലിയനിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് നേരിട്ട് മനസ്സിലാക്കി.
നമീബിയയുടെ വിസ്തൃതമായ ഭൂപ്രദേശങ്ങൾ, സമൃദ്ധവും, വിഭിന്നവുമായ ജൈവവൈവിദ്ധ്യം, വന്യമൃഗ സമ്പത്ത് മുതലായവ ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നമീബിയയുടെ സാംസ്കാരിക പെരുമ, അമൂല്യമായ പരമ്പരാഗത അറിവുകൾ എന്നിവ ഈ പവലിയനിൽ ദർശിക്കാവുന്നതാണ്.
എക്സ്പോ 2020 വേദിയിലൂടെയുള്ള പര്യടനം തുടർന്ന ഷെയ്ഖ് മുഹമ്മദ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന ഗയാനയുടെ പവലിയനും സന്ദർശിച്ചു. ഈ പവലിയനിൽ വെച്ച് അദ്ദേഹം ഗയാനയുടെ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി കൂടിക്കാഴ്ച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്യപ്പെട്ടു. ഒരു ഇക്കോ-ടൂറിസം കേന്ദ്രം എന്ന നിലയിൽ ഗയാന എന്ന രാജ്യത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.
എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ, സുസ്ഥിരതയിൽ ഊന്നിയുള്ള വികസനം സാധ്യമാക്കുന്നതിനായി ഗയാന മുന്നോട്ട് വെക്കുന്ന ഗ്രീൻ സ്റ്റേറ്റ് ഡവലപ്മെന്റ് സ്ട്രാറ്റജി ഈ പവലിയൻ പ്രത്യേകം എടുത്ത് കാട്ടുന്നു.
തുടർന്ന് ഷെയ്ഖ് മുഹമ്മദ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന പാലസ്തീൻ പവലിയൻ സന്ദർശിച്ചു. പലസ്തീൻ എന്ന രാജ്യത്തിന്റെ സത്വം, ചരിത്രം, സംസ്കാരം, പാരമ്പര്യം, നാഗരികത തുടങ്ങിയ വിവിധ വശങ്ങൾ ചൂണ്ടിക്കാട്ടുന്ന രീതിയിലാണ് ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.
പലസ്തീനിലെ പുണ്യസ്ഥലങ്ങളെയും, ജെറുസലേം നഗരത്തെയും ഈ പവലിയൻ പ്രത്യേകം എടുത്ത് കാട്ടുന്നു. ഇടുങ്ങിയ ഇടവഴികൾ, അലങ്കാര കമാനങ്ങൾ, കല്പ്പലകകൾ തുടങ്ങിയവ പുനരാവിഷ്കരിച്ച് കൊണ്ട് സന്ദർശകർക്ക് മുന്നിൽ പുരാതന ജെറുസലേം നഗരത്തിന്റെ അനുഭവങ്ങൾ ഒരുക്കുന്ന പ്രദർശനം ഈ പവലിയന്റെ പ്രത്യേകതയാണ്.
എക്സ്പോ 2020 വേദിയിലൂടെയുള്ള പര്യടനം തുടർന്ന ഷെയ്ഖ് മുഹമ്മദ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന ഓസ്ട്രിയ, കൊളംബിയ എന്നീ രാജ്യങ്ങളുടെ പവലിയനുകളിലും സന്ദർശനം നടത്തി. ‘ഓസ്ട്രിയ മേക്ക്സ് സെൻസ്’ എന്ന ആശയത്തിലൂന്നിയാണ് ഓസ്ട്രിയൻ പവലിയൻ ഒരുക്കിയിരിക്കുന്നത്. ഓസ്ട്രിയൻ ജനത, സാങ്കേതിക വിദ്യകൾ, പരിസ്ഥിതി എന്നിവയെ ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ ആകര്ഷകമായ രീതിയിൽ അവതരിപ്പിക്കുന്നു.
ഒരു ജനതയെ ഒത്തൊരുമിപ്പിക്കുന്നതിൽ സംഗീതത്തിനുള്ള പങ്ക് ചൂണ്ടിക്കാട്ടുന്ന രീതിയിലാണ് കൊളംബിയയുടെ പവലിയൻ ഒരുക്കിയിരിക്കുന്നത്. കൊളംബിയയുടെ സംസ്കാരം, നൂതന ആശയങ്ങൾ, നാഗരിക വളർച്ച എന്നിവയെ അടുത്തറിയാൻ ഈ പവലിയൻ അവസരമൊരുക്കുന്നു. കൊളംബിയ എന്ന രാജ്യത്തിന്റെ തുറസായതും, അനന്തതമായതുമായ ഭൂപ്രകൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.
WAM