നോമ്പ് തുറക്കുന്നതിന് തൊട്ട് മുൻപുള്ള സമയങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നവർ റോഡുകളിൽ അതീവ ശ്രദ്ധ പുലർത്താനും, അമിത വേഗം ഒഴിവാക്കാനും ദുബായ് പോലീസ് ആഹ്വാനം ചെയ്തു. ‘അപകട രഹിത റമദാൻ’ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പോലീസ് ഈ നിർദ്ദേശം നൽകിയത്.
ഇതിന്റെ ഭാഗമായി, വിവിധ സന്നദ്ധസംഘടനകളുമായി ചേർന്ന് കൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കായി ദുബായ് പോലീസ് ഒരു പ്രത്യേക ഇഫ്താർ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ദിനവും ഏതാണ്ട് 7000 ഇഫ്താർ ഭക്ഷണ കിറ്റുകളാണ് നോമ്പ് തുറക്കുന്നതിനായി പോലീസ് വിതരണം ചെയ്യുന്നത്.
നോമ്പ് തുറക്കുന്നതിന് തൊട്ട് മുൻപുള്ള സമയത്തെ റോഡിലെ തിരക്ക് കുറയ്ക്കാനും, റോഡിലെ അമിത വേഗതയുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് ബോധവത്‌കരണം നൽകുന്നതിനും ഈ പ്രചാരണ പരിപാടി ഏറെ സഹായകമാണെന്ന് ദുബായ് പോലീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്‌റൂഇ വ്യക്തമാക്കി. റമദാനിലുടനീളം ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.