യു എ ഇ: വിദേശത്ത് നിന്നെത്തുന്ന വാക്സിനെടുക്കാത്ത 16 വയസിന് താഴെയുള്ള യാത്രികർക്ക് ഏപ്രിൽ 19 മുതൽ PCR ടെസ്റ്റ് ആവശ്യമില്ല

featured GCC News

2022 ഏപ്രിൽ 19 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ അറിയിച്ചു. 2022 ഏപ്രിൽ 13-ന് രാത്രി യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റിയാണ് (NCEMA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഏപ്രിൽ 19 മുതൽ യു എ ഇയിലേക്ക് പ്രവേശിക്കുന്ന 16 വയസിന് താഴെ പ്രായമുള്ള COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത യാത്രികർക്ക് യു എ ഇയിലെത്തിയ ശേഷമുള്ള PCR പരിശോധന ഒഴിവാക്കുന്നതാണ്. ഇവർ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള മറ്റു സുരക്ഷാ നിബന്ധനകൾ പാലിക്കണമെന്ന് NCEMA ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 19 മുതൽ COVID-19 വാക്സിനെടുക്കാത്ത യു എ ഇ പൗരന്മാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും NCEMA അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR റിസൾട്ട് ഉപയോഗിച്ച് കൊണ്ട് വിദേശത്തേക്ക് യാത്ര ചെയ്യാവുന്നതാണ്.

ഏപ്രിൽ 13-ന് നടന്ന പത്ര സമ്മേളനത്തിൽ NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമേരിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.