ഒമാൻ: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് ROP

GCC News

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും ഏതാനം നിബന്ധനകൾക്ക് വിധേയമായി തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണെന്ന് ROP അറിയിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനിലൂടെ പുതുക്കുന്നതിനായി സിവിൽ സ്റ്റാറ്റസ് കാർഡിൽ ഓൺലൈൻ ഓതന്റിക്കേഷൻ സേവനം പ്രയോഗക്ഷമമാക്കേണ്ടതുണ്ട്. ഇതോടൊപ്പം SIM കാർഡിൽ PKI സേവനം പ്രയോഗക്ഷമമാക്കേണ്ടതുമാണ്.

കാലാവധി അവസാനിച്ചതോ, 30 ദിവസങ്ങൾക്കകം അവസാനിക്കാനിരിക്കുന്നതോ ആയ ROP അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകളാണ് ഇത്തരത്തിൽ ഓൺലൈനിലൂടെ പുതുക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓൺലൈനിലൂടെ ലൈസൻസ് പുതുക്കുന്നതിനായി ഡ്രൈവിംഗ് ലൈസൻസ് ഉടമ ഒമാനിൽ ഉണ്ടായിരിക്കേണ്ടതാണ്. ലൈസൻസ് പുതുക്കുന്നതിന് ഭാഗമായുള്ള നേത്രപരിശോധന ROP അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് നടത്താവുന്നതാണ്.

വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായുള്ള ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചതായി ROP ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.

Cover Image: Oman News Agency.